പ്രവാചകനിന്ദയിൽ ബിജെപി മാപ്പ് പറയുകയും തങ്ങളുടെ കൂട്ടത്തിൽ ധാരാളമുള്ള നുപുർ ശർമമാരെയെല്ലാം പുറത്താക്കുകയും വേണം.
തിരുവനന്തപുരം: ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ നടത്തിയ മതനിന്ദയിൽ പ്രതിഷേധം അറിയിച്ച് സിപിഎം നേതാവ് എംഎ ബേബി. രാജ്യത്തെ സമാധാനപൂർണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതിൽ ആർഎസ്എസുകാർ ഒരു ഇളവും അനുവദിക്കില്ലെന്നതാണ് ഈ വാക്കുകൾ കാണിക്കുന്നതെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കാൺപൂരിൽ ഇത് സംഘർഷങ്ങൾക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാർഹമായ സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനിന്ദയിൽ ബിജെപി മാപ്പ് പറയുകയും തങ്ങളുടെ കൂട്ടത്തിൽ ധാരാളമുള്ള നൂപുർ ശർമമാരെയെല്ലാം പുറത്താക്കുകയും വേണം. അല്ലെങ്കിൽ ന്യൂനപക്ഷമതാവകാശങ്ങളെ മാനിക്കാത്ത രാജ്യം എന്നായിരിക്കും ഇന്ത്യയെ എല്ലാവരും കാണുക എന്നും എം എ ബേബി പ്രതികരിച്ചു.
എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജ്യത്തെ സമാധാനപൂർണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതിൽ ആർഎസ്എസുകാർ ഒരു ഇളവും അനുവദിക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. കാൺപൂരിൽ ഇത് സംഘർഷങ്ങൾക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാർഹമായ സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ല.
അറബ് രാജ്യങ്ങളിൽ നിന്ന് അതിശക്തമായ പ്രതിഷേധം ഉണ്ടായതോടെ തങ്ങളുടെ ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു തിരുത്തൽ പ്രസ്താവനയുമായി ബിജെപി വന്നിട്ടുണ്ട്. ഏറ്റവും പരിഹാസ്യമായ ഒരു പ്രസ്താവനയാണ് അതെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. എല്ലാ മതവിശ്വാസങ്ങളെയും എന്നും ആദരിക്കുന്നവരാണത്രെ ബിജെപി! (ഇന്ത്യയുടെ ഭരണത്തിൽ മതന്യൂനപക്ഷത്തിന് ഒരു പങ്കും ഇല്ല എന്ന് കഴിഞ്ഞ ദിവസം അവർ ഉറപ്പു വരുത്തി. ഒരൊറ്റ മുസ്ലിം പാർലമെന്റ് അംഗവും ഇല്ലാത്ത പാർട്ടി ആയി ബിജെപി മാറി.) പ്രവാചകനിന്ദയിൽ ബിജെപി മാപ്പ് പറയുകയും തങ്ങളുടെ കൂട്ടത്തിൽ ധാരാളമുള്ള നൂപുർ ശർമമാരെയെല്ലാം പുറത്താക്കുകയും വേണം. അല്ലെങ്കിൽ ന്യൂനപക്ഷമതാവകാശങ്ങളെ മാനിക്കാത്ത രാജ്യം എന്നായിരിക്കും ഇന്ത്യയെ എല്ലാവരും കാണുക.
അതേസമയം ബിജെപി വക്താവ് നുപുര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും പ്രതിഷേധത്തിന് വഴി തുറന്നിരിക്കുകയാണ്. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പ്രവാചക നിന്ദയിൽ ഒമാനിലും വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിൻ്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ വ്യക്തമാക്കി.
ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇതിനു പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയും പുറത്തിറങ്ങി.
ബിജെപി നേതാക്കളുടെ വിവാദ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി പാകിസ്ഥാനും രംഗത്തെത്തി. ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. ബിജെപി വക്താവ് നുപുർ ശർമ, സഹപ്രവർത്തകൻ നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പരാമർശങ്ങളാണ് ഖത്തറിൻ്റേയും ഒമാൻ്റേയും പ്രതിഷേധത്തിന് വകവച്ചത്. സംഭവത്തിൽ . ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നൂപൂർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Read More: ബിജെപി നേതാക്കളുടെ നബി നിന്ദ: ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പാക്കിസ്ഥാൻ
മെയ് 28ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ (Nupur Sharma) എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
എന്നാൽ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ വിവാദ പ്രസ്താവന പിൻവലിക്കുന്നതായി ബിജെപി മുൻ വക്താവ് നുപുര്‍ ശര്‍മ്മ പറഞ്ഞു.പ്രസ്താവന പിൻവലിക്കുന്നതായി നുപുര്‍ ട്വിറ്ററിൽ കുറിപ്പ് പങ്കുവെക്കുകയായിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തണമന്ന് ഉദ്ദേശിച്ചില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.
നൂപുർ ശർമ്മയുടെ പരാമർശത്തിൽ പരേഡ് മാർക്കറ്റിലെ കടകൾ അടച്ചിടാൻ മുസ്ലീം സംഘടന ആഹ്വാനം ചെയ്തതിനെ തുടർന്ന് വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘര്‍ഷം ഉണ്ടായിരുന്നു.സം ഘർഷത്തിൽ 20 പോലീസുകാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
