ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരാറുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കിഫ്‌ബിയെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട്: ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരാറുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മസാല ബോണ്ട് വഴി പണം സമാഹരിച്ചതിനല്ല, പകരം സമാഹരിച്ച തുക ചെലവഴിച്ചതിലാണ് ഇഡി നോട്ടീസ് വന്നതെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. കിഫ്‌ബിയെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെതിരെ നോട്ടീസ് വരുമ്പോൾ വേട്ടയാടലും സിപിഎമ്മിന് എതിരെ വരുമ്പോൾ അങ്ങനെ അല്ല എന്ന നിലപാടുമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ പാർപ്പിക്കുന്നത് കോൺ​ഗ്രസ് ആണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. രാഹുലിനെതിരെ പറഞ്ഞ കോൺഗ്രസ്‌ നേതാക്കൾക്ക്‌ എതിരെയും സൈബർ ആക്രമണം നടത്തുകയാണ്. കൂടുതൽ പരാതികൾ വരാനുണ്ടെന്ന് രമേശ് ചെന്നിത്തലയും രാജ്മോഹൻ ഉണ്ണിത്താനും പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വരാതിരിക്കാനാണ് ഇപ്പോഴുള്ള ഇരയെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപിയുടെ ഒളിമ്പിക്സ് പ്രകടന പത്രികയിലുള്ള പ്രതികരണത്തിൽ 2036ൽ ബിജെപി കേരളത്തിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.