സിപിഎമ്മുമായി ചേര്‍ന്ന് കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചതില്‍ കടുത്ത പ്രതിഷേധത്തിലാണ് മുസ്ലീം ലീഗ്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നും അതങ്ങനെ വിടാൻ മുസ്ലീം ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.  

മലപ്പുറം: മലപ്പുറത്തെ വലിയ വിജയങ്ങള്‍ക്കിടയിലും പൊൻമുണ്ടം പഞ്ചായത്തിലുണ്ടായ തോല്‍വി മുസ്ലീം ലീഗിന് കനത്ത തിരിച്ചടി. സിപിഎമ്മുമായി ചേര്‍ന്ന് കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചതില്‍ കടുത്ത പ്രതിഷേധത്തിലാണ് മുസ്ലീം ലീഗ്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നും അതങ്ങനെ വിടാൻ മുസ്ലീം ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

മലപ്പുറത്ത് കോൺഗ്രസും മുസ്ലീം ലീഗും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരിച്ചത് ഇത്തവണ പൊൻമുണ്ടം പഞ്ചായത്തില്‍ മാത്രമാണ്. ശക്തി കേന്ദ്രത്തില്‍ ഇവിടെ ഇത്തവണ മുസ്ലീം ലീഗ് തകര്‍ന്നടിഞ്ഞു.18 സീറ്റുകളില്‍ ലീഗിന് ജയിക്കാനായത് വെറും നാലു സീറ്റുകളില്‍ മാത്രമാണ്. കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് 12 സീറ്റുകള്‍ നേടി പഞ്ചായത്ത് ഭരിച്ചിരുന്നത് ലീഗാണ്. തെരെ‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ലീഗ് ഭരണസമിതിക്കെതിരെ കോൺഗ്രസ് പദയാത്ര നടത്തിയിരുന്നു. അത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞില്ലെന്ന് ലീഗിന് പരാതിയുണ്ടായിരുന്നു. പിന്നാലെ സിപിഎം സഖ്യത്തില്‍ ജനകീയ മുന്നണിയായി ലീഗിനെതിരെ മത്സരിച്ചു. ഇതിന്‍റെ പേരില്‍ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും കോൺഗ്രസ് നേതൃത്വത്തിന്‍റെ പരോക്ഷ സഹായം പൊൻമുണ്ടത്തെ കോൺഗ്രസ് നേതാക്കള്‍ക്ക് തെരെഞ്ഞെടുപ്പില്‍ കിട്ടിയിട്ടുണ്ടെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഇതില്‍ ലീഗ് നേതൃത്വം ക്ഷുഭിതരാണ്.

എന്നാല്‍ മുന്നണി വിരുദ്ധ സഖ്യത്തിന്‍റെ പേരില്‍ കടുത്ത അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം. പൊൻമുണ്ടം മണ്ഡലം കമ്മിറ്റി തന്നെ പിരിച്ചു വിട്ടു. വിജയിച്ചെങ്കിലും അച്ചടക്ക നടപടിയെടുത്തവരുമായി ഒരു തരത്തിലും സഹകരിക്കുന്ന പ്രശ്നമില്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.

YouTube video player