Asianet News MalayalamAsianet News Malayalam

ഫാത്തിമയുടെ മരണം: ലോക്സഭയില്‍ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ, ഉന്നതതല അന്വേഷണം വേണമെന്ന് കനിമൊഴി

'കുട്ടിയുടെ മൊബൈലില്‍ കൃത്യമായി ഒരു അധ്യാപകനാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും ആ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല'

malayali IIT student death, nk  Premachandran and Kanimozhi raise Fathima's death in Lok Sabha
Author
Chennai, First Published Nov 18, 2019, 12:56 PM IST

ചെന്നൈ: മദ്രാസ് ഐഐടിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് എംപിമാര്‍. ശൂന്യവേളയില്‍ കേരളത്തില്‍ നിന്നുള്ള എന്‍കെ പ്രേമചന്ദ്രന്‍ എംപി, തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ എംപി കനിമൊഴി എന്നിവരാണ് ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചത്. വിഷയത്തില്‍ ആദ്യം സംസാരിച്ച എന്‍കെ പ്രേമചന്ദ്രന്‍ എംപി സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. 

ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍..

"കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ മദ്രാസ് ഐഐടി പരാതി നല്‍കിയിരിക്കുകയാണെന്ന് അറിയുന്നു. ഐഐടിയെ തകര്‍ക്കാനുള്ള ശ്രമം രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുവെന്നും ചൂണ്ടാക്കാണിച്ചാണ് പരാതി. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഐഐടിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം നാണക്കേടുണ്ടാക്കുന്നതാണ്". പ്രേമചന്ദ്രന്‍ സഭയില്‍ പറഞ്ഞു  

ഫാത്തിമയുടെ മരണം: മൂന്ന് അധ്യാപകർക്ക് സമൻസ്, മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം...

ഫാത്തിമയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യമെന്ന് കനിമൊഴിയും സഭയില്‍ ആവശ്യപ്പെട്ടു. "വിവേചനം കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോളേജില്‍ വെച്ച് പെണ്‍കുട്ടി വിവേചനം നേരിട്ടിരുന്നു. കുട്ടിയുടെ മൊബൈലില്‍ ഒരു അധ്യാപകനാണ് മരണത്തിന് കാരണമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും ആ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്നും കനിമൊഴി ചോദിച്ചു. 

"ഐഐടിയിലെ മരണം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണം.  ഇതുവരേ 52 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തു. 72 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു". ഗൗരവതരമായ വിഷയമാണെന്നും  സര്‍ക്കാര്‍ ഇടപെടണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. 

എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ഡീന്‍ കുര്യാക്കോസ്  എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നും  അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് തള്ളിയ സ്പീക്കര്‍ ശൂന്യവേളയില്‍ സമയം അനുവദിക്കുകയായിരുന്നു. സിപിഎം എംപി എഎം ആരിഫ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു ക്രമസമാധാനവിഷയമല്ലെന്ന നിലപാടിലാണ് എഐഎഡിഎംകെ. ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തിലും ഈ നിലപാടാണ് എഐഎഡിഎംകെ സ്വീകരിച്ചത്. 

Follow Us:
Download App:
  • android
  • ios