പ്രാഥമിക ഘട്ടത്തില്‍ കുടുംബം നല്‍കിയ പല നിര്‍ണായക വിവരങ്ങളും നടക്കാവ് പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. 

കോഴിക്കോട്: കോഴിക്കോട് മാമി തിരോധാന കേസ് അട്ടിമറിച്ചതില്‍ ഉന്നതരുടെ പങ്കു കൂടി വെളിച്ചത്ത് വരണമെന്ന് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും. കുടുംബം നേരത്തെ പറ‌ഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്നതാണ് ലോക്കല്‍ പൊലീസിന് അന്വേഷണത്തില്‍ വീഴ്ച വന്നെന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. പ്രാഥമിക ഘട്ടത്തില്‍ കുടുംബം നല്‍കിയ പല നിര്‍ണായക വിവരങ്ങളും നടക്കാവ് പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ആട്ടുര്‍ മുഹമ്മദെന്ന മാമിയുടെ തിരോധാന കേസ് ആദ്യമന്വേഷിച്ച നടക്കാവ് പോലീസിന് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന വകുപ്പുതല അന്വേഷത്തിലെ കണ്ടെത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് ആക്ഷന്‍ കമ്മിറ്റിയുടേയും കുടുംബത്തിന്റെയും പ്രതികരണം. മാമിയെ കാണാതായ ദിവസം സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലുള്‍പ്പെടെ നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച് ഒ ജിജീഷ് ഉള്‍പ്പെടെ നാലു പോലീസുകാര്‍ വീഴ്ച വരുത്തിയെന്നാണ് നാര്‍ക്കോട്ടിക് എ സി പി ഉത്തരമേഖലാ ഐജിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അന്വേഷത്തില്‍ അട്ടിമറി നടന്നെന്ന് തുടക്കം മുതല്‍ പറയുന്നതാണെന്നും അതിപ്പോള്‍ വ്യക്തമായെന്നും കുടുംബം പറഞ്ഞു.

മാമിയെ കാണാതായ അരയിടത്തുപാലം സിഡി ടവറിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. മാമിയുടെ ഡ്രൈവറെക്കുറിച്ചും ഇയാളുടെ ഫോണ്‍ കോളുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല. കേസ് അട്ടിമറിക്കാന്‍ ഉന്നതലത്തിലെ ആരാണ് ലോക്കല്‍ പൊലീസിന് നിര്‍ദേശം നല്‍കിയതെന്നാണ് ഇനി അറിയേണ്ടതെന്നും കുടുംബം പറഞ്ഞു. 

പ്രധാനപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിലെ വീഴ്ചകള്‍ തുടര്‍ അന്വേഷണത്തെയും ബാധിച്ചെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നില്ല. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കോഴിക്കോട് നിന്നും കാണാതാകുന്നത്. ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവുമെല്ലാം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്