പുനലൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ യുവാവ് സ്റ്റേഷൻ ഹൗസ് ഓഫീസറെ ആക്രമിച്ച് മൂക്കിടിച്ചു തകർത്തു. സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാനെത്തിയ കരവാളൂർ സ്വദേശി വിജോയിയാണ് ആക്രമണം നടത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പുനലൂർ: പോലീസ് സ്റ്റേഷനിൽ കയറി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മൂക്കിടിച്ചു തകർത്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പുനലൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശി വിജോയിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റ പുനലൂർ എസ്‌എച്ച്ഒ സന്തോഷ് കുമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത പുനലൂർ സ്വദേശി ഷൈജുവിന്റെ വിവരങ്ങൾ അന്വേഷിക്കാനാണ് സുഹൃത്തായ വിജോയ് സ്റ്റേഷനിലെത്തിയത്. കസ്റ്റഡിയിലുള്ള ഷൈജുവിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജോയ് സ്റ്റേഷനിലേക്ക് കയറിവന്നത്. ഷൈജു മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും ഇയാൾ സ്റ്റേഷനകത്ത് പരസ്യമായി ബഹളം വച്ച് അക്രമാസക്തനായെന്നും പൊലീസ് പറയുന്നു.
സ്റ്റേഷനകത്ത് ബഹളം കേട്ടാണ് എസ്എച്ച്ഒ ഓഫീസ് മുറിയിൽ നിന്നും പുറത്തേക്ക് വന്നത്. അക്രമാസക്തനായ ഷൈജുവിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. എസ്എച്ച്ഒയുടെ മുഖത്ത് ഷൈജു ആഞ്ഞിടിച്ചുവെന്നും ഇടിയുടെ ആഘാതത്തിൽ എസ്.എച്ച്.ഓയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് കേസ്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ഇടപെട്ട് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പോലീസുകാരെ ആക്രമിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.


