ബൈക്കിലും ബസിലുമായെത്തിയ രണ്ട് പേര്‍ കാറിൽ നിന്ന് റോയിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല

ഇടുക്കി: കുമളിയിൽ ഇന്നലെ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയ് ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം മനസിലാക്കാൻ കാറിനകത്ത് ഇന്ന് വിശദമായ പരിശോധന നടത്തും. കാര്‍ സംഭവം നടന്ന സ്ഥലത്ത് റോഡ‍രികിലാണ് ഉള്ളത്. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കാര്‍. 

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ വാഹനം നിര്‍ത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാൻ ശ്രമിച്ചു. ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി കാറിൻ്റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു. ഇരുവ‍ര്‍ക്കും റോയിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ പൂര്‍ണമായും കാര്‍ അഗ്നിക്കിരയായിരുന്നു.