Asianet News MalayalamAsianet News Malayalam

ആദം അലിയുടെ അറസ്റ്റ്: തലസ്ഥാന പൊലീസിന് ‘ശശി ‘ത്തരങ്ങൾക്കിടയിൽ കിട്ടിയ ഹീറോയിസം

 ഫോണും തല്ലിയുടച്ച് ട്രെയിൻ കയറി നാടുവിടാൻ ശ്രമിച്ച ബംഗാൾ സ്വദേശിയെ ആണ് ചടുലവും ആസൂത്രിതവുമായ നടപടികളിലൂടെ കൃത്യമായി പൊലീസ് പിടികൂടിയത്. 

manorama case accused arrested thiruvananthapuram police get relife on this action
Author
Thiruvananthapuram, First Published Aug 10, 2022, 11:12 AM IST

ദംഅലി എന്ന കൊലയാളിയെ 24 മണിക്കൂറിനകം പിടികൂടാനായത് തലസ്ഥാനനഗരത്തിലെ പോലീസുകാർക്ക് ആകെ ഊർജം പകർന്ന സംഭവമായി. അതിലുമുപരി ആശ്വാസവും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് വിരമിച്ച മനോരമയാണ് കേശവദാസപുരത്തെ വീട്ടിൽ കൊല്ലപ്പെട്ടത്. ഫോണും തല്ലിയുടച്ച് ട്രെയിൻ കയറി നാടുവിടാൻ ശ്രമിച്ച ബംഗാൾ സ്വദേശിയെ ആണ് ചടുലവും ആസൂത്രിതവുമായ നടപടികളിലൂടെ കൃത്യമായി പൊലീസ് പിടികൂടിയത്. 

അപ്പോഴും വിമർശനങ്ങളുണ്ട്.  കുറ്റവാളിയെ തിരിച്ചറിയാൻ വൈകാതിരുന്നിട്ടും അയാൾക്ക് നാടുവിടാൻ പഴുതു കിട്ടി എന്നതാണ് ചിലർ ചൂണ്ടിക്കാട്ടുന്ന വീഴ്ച. അപ്പോഴും ആദം അലിയെ കൈവിട്ടുകളയാതെ പിടിക്കാൻ കഴിഞ്ഞത് പോലീസിന് ഊർജം മാത്രമല്ല ആശ്വാസം കൂടിയാണ്  എന്നു പറയാനുള്ള കാരണം. ഒറ്റവാചകത്തിൽ വിശദീകരിക്കാം. ഈ അടുത്ത കാലത്ത് തിരുവനന്തപുരം നഗരത്തിൽ പൊലീസുകാർ ‘ ശശി  ‘ആയത് ഒന്നിലധികം തവണയാണ്. അതുതന്നെ ആശ്വാസത്തിന് കാരണം.

manorama case accused arrested thiruvananthapuram police get relife on this action

ആദ്യത്തെ സംഭവം, പി.സി.ജോർജിന്റെ കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ.ടി.ജലീൽ നൽകിയ ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നു. ഗസ്റ്റ് ഹൗസിൽ ജോർജ് എത്തുന്നു. ഇതിനിടെ സോളാർ കേസിലെ പരാതിക്കാരിയുടെ വക പീഡനപരാതി മ്യൂസിയം സ്റ്റേഷനിൽ. പിന്നെ കണ്ടത് കേരളാ പോലീസിന്‍റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത അത്ര ശുഷ്കാന്തിയിൽ, വേഗതയിൽ കാര്യങ്ങൾ നടപ്പാകുന്നതാണ്. രജിസ്റ്റർ ചെയ്യൽ , എഫ്ഐആർ ഇടൽ എല്ലാം പടപടേയെന്ന് നടന്നു. ചോദ്യങ്ങൾക്കുത്തരം ആലോചിച്ചിരുന്ന ജോർജിന്റെ മുന്നിൽ അറസ്റ്റ് ചെയ്യാനും എത്തി പോലീസ്. 

കൊടിയേറ്റം സിനിമയിൽ അതുല്യനടൻ ഗോപി എന്തൊരു സ്പീഡ് എന്ന് പറയുന്ന ഒരു രംഗമുണ്ട്. അതുപോലെയായിരുന്നു വാർത്ത കണ്ടുകൊണ്ടിരുന്ന മനുഷ്യൻമാരെല്ലാം ആലോചിച്ചത്. എന്തൊരു സ്പീഡിലാ കാര്യങ്ങൾ എന്ന്. പക്ഷേ തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതി സ്പീ‍ഡ് ബ്രേക്കറായി. എന്ത്,ഏത്, എങ്ങിനെ ചോദ്യങ്ങളായി. ജോർജിന് ജാമ്യവും കിട്ടി. ജോർജിന്റെ രാഷ്ട്രീയ എതിരാളികൾക്കും ജോർജിന്റെ ലൈസനൻസില്ലാത്ത വർത്തമാനം ഇഷ്ടമല്ലാത്തവർക്കും കൂടി ജോർജിന് ജാമ്യം കിട്ടിയത് നന്നായി എന്ന് തോന്നി. കോടതിയുടെ സൈഡിൽ കൂടി പോലീസുകാർ മെല്ലെ പുറത്തിറങ്ങി.

manorama case accused arrested thiruvananthapuram police get relife on this action

ദിവസം കുറച്ചുകഴിഞ്ഞതേ ഉള്ളൂ. ഇക്കുറി നായകവേഷകത്തിൽ ശബരീനാഥൻ. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചോദ്യം ചെയ്യാൻ വിളിക്കുന്നു. ചെല്ലുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ കൊടുത്ത് അഭിഭാഷകൻ. അപ്പോൾ പ്രോസിക്യൂട്ടർ പറയുന്നു, അറസ്റ്റ് ചെയ്തെന്ന്. മുൻ എംഎൽഎയുടെ വക്കീൽ ഞെട്ടുന്നു. 

അദ്ദേഹം അറിയിച്ചപ്പോൾ അതിനേക്കാളും ഞെട്ടുന്നു സ്റ്റേഷന് മുന്നിൽ കാത്തുനിന്നിരുന്ന യൂത്ത് കോൺഗ്രസുകാർ. കാരണം അവരുതന്നെ അറിഞ്ഞില്ല, അറസ്റ്റിന്റെോ കാര്യം. പിന്നെ പ്രതിഷേധമായി, സംഘർഷമായി, ആകെ മൊത്തം വാർത്തയായി. അപ്പോഴും കോടതിയെത്തി കുരുക്കിട്ടു. കടുത്ത വിമർശനങ്ങളും നിരീക്ഷണങ്ങളും. പിന്നെ ജാമ്യവും. അപ്പോഴും തിരക്കിട്ട് എന്തൊക്കെയോ ചെയ്ത പോലീസുകാർ ക്ഷീണത്തിലായി. അവരുടെ നെടുവീർപ്പിന്റെ ശബ്ദം പോലീസ് സ്റ്റേഷനിലും ക്യാമ്പിലും കോടതിവളപ്പിലും ഉയർന്നുകേട്ടു.

മൂന്നാമത്തേതാണ് ഏറ്റവും വലിയ സംഭവം. നാട് ഭരിക്കുന്ന സർക്കാരിലെ മുഖ്യകക്ഷി, ആഭ്യന്തരവും കയ്യാളുന്ന മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടി, സിപിഎമ്മിന്റെ ആസ്ഥാനമന്ദിരത്തിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. പോലീസുകാർ കുറച്ചപ്പുറം കാവലുണ്ടായിരുന്നു. അവരാരും ഒന്നുംകണ്ടില്ല. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഞെട്ടിത്തെറിച്ചെന്ന് ഇ പി ജയരാജനും ശ്രീമതി ടീച്ചറും പറഞ്ഞു. നേതാക്കളെല്ലാവരും ഊഴമിട്ട് സ്ഥലത്തെത്തി. 

manorama case accused arrested thiruvananthapuram police get relife on this action

എല്ലാവരും ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി. വിമർശനങ്ങളേറ്റ പ്രതിപക്ഷനേതാക്കൾ  പ്രതിരോധം തീർത്തു. രേഖാചിത്രം വരച്ചു. ഏതോ രണ്ട് സ്കൂട്ടറുകാരെ പോലീസ് പൊക്കി. സംഭവം കഴിഞ്ഞിട്ടിപ്പോ ആഴ്ചകളായി. എന്നിട്ടെന്താ? സ്ഫോടകവസ്തു അഥവാ പടക്കമെറിഞ്ഞ ആളെ ഇതുവരെ പോലീസിന് പിടികിട്ടിയിട്ടില്ല. ഒരു സ്കൂട്ടറും അതോടിച്ച ഹെൽമറ്റ്കാരനും ഉൾപെട്ട സിസിടിവി ദൃശ്യം കണ്ട് കണ്ട് മടുത്ത നാട്ടുകാർ അടക്കിച്ചിരിച്ചത് മെച്ചം. 

(പക്ഷേ ഇ.പി.ജയരാജൻ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. അതിസമർത്ഥനായ പ്രതിയുടെ സാമർത്ഥ്യത്തിന് അധികം ആയുസ്സ് ഇനിയില്ലെന്നും ഉടനെ അയാൾ പിടിയിലാവുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. നല്ലത്) ഇങ്ങനെ രാഷ്ട്രീയം ഉൾപെട്ട മൂന്ന് കേസുകളിൽ, മൂന്ന് സന്ദർഭങ്ങളിൽ   സത്പേര് പോയ തിരുവനന്തപുരത്തെ പോലീസുകാർക്കാണ് ജീവശ്വാസം കിട്ടിയത്. 

ആദം അലിയെ പെട്ടെന്ന് പിടിക്കാനായി എന്നത് പോലീസ് തൊപ്പിയിലെ പൊൻതൂവലല്ല, മറിച്ച് ആത്മവീര്യം വീണ്ടെടുക്കുന്നതിന്റെ ആദ്യപടിയാണ്. രാഷ്ട്രീയനാടകങ്ങൾക്ക് ഇടയിലെ  ‘ശശി ‘ത്തരങ്ങൾക്കിടയിൽ കിട്ടിയ ഹീറോയിസം.

മനോരമയുടെ കൊല അതിക്രൂരമായി,ആക്രമിക്കാൻ ശ്രമിച്ചു,പ്രതി ആദം നാടുവിട്ടത് പൊലീസ് വീഴ്ച,പ്രതിയെ ഇന്നെത്തിക്കും

മക്കളെ പോലെ കണ്ട് വെള്ളവും ഭക്ഷണവും നൽകിയ മനോരമയെ കൊന്നതെന്തിന്?, കാരണം മോഷണം തന്നെയോ?
 

Follow Us:
Download App:
  • android
  • ios