കൊച്ചി:മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കാനുള്ള ജോലിക്കായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി. നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് സംഘത്തെ നിയോഗിക്കാൻ  ഇന്ന് ചേർന്ന നഗരസഭയുടെ അടിയന്തര കൗൺസിലിൽ തീരുമാനമായത്. മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുന്നതിനുള്ള ജോലികൾക്ക്  മാത്രമായി ആണ് ആറംഗ ഉദ്യോഗസ്ഥസംഘത്തെ ചുമതലപ്പെടുത്തിരിക്കുന്നത്.

സമുച്ചയങ്ങൾ പൊളിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്ലാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടൻ സർക്കാരിന് സമർപ്പിക്കും. എന്നാൽ രേഖകൾ സമർപ്പിച്ച 130 ഓളം പേർക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നൽകുന്ന പട്ടിക സർക്കാർ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായരുടെ കമ്മിറ്റിക്ക് കൈമാറും. 

അതേസമയം ഫ്ലാറ്റുകൾക്ക്  അനുമതി നൽകിയ സമയത്ത് മരട് പഞ്ചായത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരടിൽ ഫ്ലാറ്റുകൾ നിർമ്മിച്ചത് തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ്  ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ മുൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ആണ് ചോദ്യം ചെയ്യുന്നത്.

Read More: മരടിലെ ഫ്ലാറ്റുകൾ അനധികൃതമെന്ന് ക്രൈം ബ്രാഞ്ചും; പൊളിക്കാൻ വിദഗ്ധൻ നാളെയെത്തും

ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് ജെയിൻ ഫ്ലാറ്റിൽ സർവ്വേ നടത്തി. സർവ്വേ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു നടപടികൾ.ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയ മരട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റും ഇപ്പോഴത്തെ കൗൺസിലറും ആയ കെ ജെ ദേവസ്സിയുടെ രാജി ആവശ്യപ്പെട്ട് മരട് നഗര സഭയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി

ഫ്ലാറ്റ് പൊളിക്കലിന് വിദഗ്ദോപദേശം നൽകാൻ സർക്കാർ നിയോഗിച്ച വിദഗ്ധൻ എസ് ബി സർവാതെ നാളെ കൊച്ചിയിലെത്തും. മറ്റന്നാൾ തന്നെ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സർവാതെയും മരടിലെ ഫ്ലാറ്റുകളിൽ എത്തി പരിശോധന നടത്തും. നിയന്ത്രിത സ്ഫോടനത്തിലൂടെയാകും മരടിലെയും ഫ്ലാറ്റുകൾ പൊളിക്കുക.

 

ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട്  സമീപവാസികൾക്ക് ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ബോധവത്ക്കരണം നടത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ആശങ്കകൾ പരിഹരിക്കുന്നതിനായി മരട് ഫ്ലാറ്റുകൾക്ക് സമീപം താമസിക്കുന്നവർക്ക് 12 മുതൽ 14 വരെയുള്ള തീയതികളിൽ ബോധവത്കരണം നടത്താൻ ആണ് തീരുമാനം. ജില്ലാ കളക്ടറുടെ കൂടി സാന്നിധ്യത്തിലാകും ബോധവത്കരണം. 

Read More: 'ഫ്ലാറ്റ് നിർമ്മാണത്തിൽ നിയമലംഘനമില്ല': മരടിലെ ഫ്ലാറ്റ് നി‍ർമ്മാതാക്കൾ വീണ്ടും സുപ്രീംകോടതിയിൽ

അതിനിടെ നിയമപ്രകാരമുള്ള എല്ലാ നടപടികൾക്കും ശേഷമാണ് ഫ്ളാറ്റ് നിർമാണം പൂർത്തിയാക്കിയതെന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഫ്ളാറ്റ് നിർമാതാക്കൾ ഉത്തരവാദിയല്ലെന്നും കെട്ടിട നിർമാണ കമ്പനിയായ ആൽഫ വെഞ്ചേഴ്സ് സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകളെല്ലാം 2012ൽ ഉടമകൾക്ക് കൈമാറിയതാണ്. കെട്ടിടം നിര്‍മ്മിച്ചതിലും അത് ഉടമകൾക്ക് കൈമാറിയതിലും നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് ആൽഫ വെഞ്ചേഴ്സ് വാദിക്കുന്നു. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം കെട്ടിട നിര്‍മ്മാണതാക്കളിൽ നിന്നും ഈടാക്കാനുള്ള നിര്‍ദ്ദേശം അംഗീകരിക്കാനാകാത്തതാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഫ്ലാറ്റ് നിര്‍മ്മാണത്തിൽ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് മുനിസിപ്പാലറ്റിയാകുന്നതിന് മുമ്പ് മരട് പഞ്ചായത്ത് തന്നെ കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

Read More: മരട് ഫ്ലാറ്റ് കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം നഗരസഭ ഉദ്യോഗസ്ഥരിലേക്ക്

ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നൽകാൻ ഇൻഡോറിൽ നിന്നുള്ള വിദഗ്ധൻ ശരത് ബി.സർവ്വാതെ നാളെ കൊച്ചിയിൽ എത്തുന്നതോടെ നടപടികൾ വേഗത്തിലാകും. വെള്ളിയാഴ്ചയോടെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറാനാണ് നീക്കം. എഡിഫൈസ്, വിജയ സ്റ്റീൽസ് എന്നീ കമ്പനികളാണ് ഫ്ലാറ്റുകൾ പൊളിക്കാൻ തെരഞ്ഞെടുത്തവരുടെ പട്ടികയിലുള്ളത്. വെള്ളിയാഴ്ച സബ്കളക്ടറുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാർ നൽകേണ്ട കമ്പനികളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കും.