ഇ ഡി ഇടപെടലിനെ തള്ളിപ്പറയുമെങ്കിലും സംസ്ഥാന പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തെ ഇപ്പോള്‍ തുറന്ന് എതിർക്കേണ്ടതില്ലെന്ന പൊതു നിലപാടിലാണ് ഇടതുമുന്നണി ഘടകക്ഷികൾ. വി ഡി സതീശൻ സർക്കാർ പൂർണ്ണമായും സംഘപരിവാറിന് വഴങ്ങിയെന്ന് ആരോപിക്കുന്ന സിപിഎം ഏരിയ തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിൽ കരുതലോടെ പ്രതികരിച്ച് ഇടതുമുന്നണി. ഇ ഡി ഇടപെടലിനെ തള്ളിപ്പറയുമെങ്കിലും സംസ്ഥാന പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തെ ഇപ്പോള്‍ തുറന്ന് എതിർക്കേണ്ടതില്ലെന്ന പൊതു നിലപാടിലാണ് ഇടതുമുന്നണി ഘടകക്ഷികൾ. വി ഡി സതീശൻ സർക്കാർ പൂർണ്ണമായും സംഘപരിവാറിന് വഴങ്ങിയെന്ന് ആരോപിക്കുന്ന സിപിഎം ഏരിയ തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

സർക്കാർ പൂർണ്ണമായും സംഘപരിവാറിന് വഴങ്ങിയെന്നും ഇഡി ലക്ഷ്യം പിണറായി പോലും അല്ല പാർട്ടി തന്നെയാണ് എന്ന നിലപാടിൽ നിന്ന് പ്രതിഷേധിക്കാനാണ് സിപിഎം തീരുമാനം. പ്രാഥമികാന്വേഷണത്തിന്‍റെ ഗതിക്ക് കാക്കാതെ തന്നെ രാഷ്ട്രീയ വിയോജിപ്പ് സംസ്ഥാനമൊട്ടാകെ തുറന്ന് കാണിക്കും. ഇ ഡിയുടെ രാഷ്ട്രീയ പ്രേരിത ഇടപെടൽ വിശദീകരിച്ച് ലഘുലേഖ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇ ഡി ആവിഷ്കരിച്ച റെഡ് ബുക്കിലെ ഭാവി ബിസിനസ് വിശദീകരിച്ചതിൽ മുഹമ്മദ് റിയാസിന് പാളിച്ച പറ്റിയിട്ടുണ്ടെന്ന വിലയിരുത്തലും സിപിഎം നേതാക്കൾക്കുണ്ട്. തുടങ്ങാനിരിക്കെ ബിസിനസിന്‍റെ ചെലവുകണക്കുകളാണ് വീണ എഴുതി വെച്ചതെന്ന് വിശദീകരിച്ചതിലൂടെ ഇഡി ആക്ഷേപത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുന്ന തരത്തിലാണ് വിശദീകരണം വന്നതെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയം വേറെ ബിസിനസ് വേറെയെന്നും പിണറായി വിജയന്‍റെ മകൾക്കെതിരായ ഇഡി കേസ് പാർട്ടിയുടേയോ മുന്നണിയുടേയോ രാഷ്ട്രീയ വിഷയമല്ലെന്നുമാണ് നേരത്തെ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരസ്യ നിലപാട്. പുതിയ അന്വേഷണത്തെ തള്ളാനോ കൊള്ളാനോ തിടുക്കം വേണ്ടെന്ന തീരുമാനത്തിലാണ് സിപിഐ. മറ്റ് ഘടകക്ഷികളും ഇക്കാര്യത്തിൽ മിതമായ പ്രതികരണമാണ് നടത്തിയത്. ഇഡി നടത്തുന്ന ഇടപെടലിനെതിരെ പൊതു പ്രതികരണങ്ങളുണ്ടാകുമെങ്കിലും പ്രാഥമികാന്വേഷണത്തെ തുടക്കത്തിലേ പ്രതിരോധിക്കുന്നതിലേയ്ക്ക് ഘടകക്ഷികള്‍ എത്തിയിട്ടില്ല.

YouTube video player