മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി
കൊച്ചി: മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. മതിയായ തെളിവുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് സർക്കാറിനേറ്റ തിരിച്ചടി കൂടിയാണ്.
ഇഡി കത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസെടുക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീൽ നൽകാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ എതിർകക്ഷിയല്ലാത്ത തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നായിരുന്നു പ്രാധാന വാദം. എന്നാൽ പ്രതിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും തള്ളിയാണ് അപ്പീൽ അനുമതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കേസ് എടുക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ ബദറുദ്ദീനിന്റെ ഉത്തരവ് പ്രതികളുടെ നിയമപരമോ, ഭരണഘടനാപരമോ ആയ അവകാശത്തെ ബാധിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
പിഎംഎൽഎ നിയമത്തിൽ 66(2) പ്രകാരമുള്ള വിവരങ്ങളോടൊപ്പം കുറ്റകൃത്യം സൂചിപ്പിക്കുന്ന തെളിവുകളുമുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം ആവശ്യമില്ല, സർക്കാർ നിലപാട് തള്ളിയാണ് ഇക്കാര്യം കോടതി സൂചിപ്പിച്ചത്. അഴിമതി കേസിൽ എഫ്ഐആർ ഇടുന്നതിന് മുൻപ് പ്രതികളുടെ ഭാഗം കേൾക്കണമെന്നതും പ്രാഥമിക അന്വനേഷണം വേണമെന്നതും പ്രതികൾക്ക് ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചുരുക്കത്തിൽ പിണറായിയ്ക്കും സർക്കാറിനും ഏറ്റ തിരിച്ചടിയാണ് വിധി.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് പിണറായി വിജയനടക്കമുള്ള പ്രതികളുടെ നീക്കം. ഹൈക്കോടതി വിധി അനുകൂലമായ പശ്ചാത്തലത്തിൽ കേസിലെ നടപടികൾ വേഗത്തിലാക്കാനാണ് ഇഡിയുടെ ആലോചന. നിലവിൽ പിണറായി വിജയനെയും റിയാസിനെയും ഒന്നാം പ്രതിയാക്കി രണ്ട് ഇസിഐആർ ആണ് ഇഡി ഇന്നലെ രജിസ്റ്റർ ചെയ്തത്. കേസിൽ നോട്ടീസ് നൽകി ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കും.











