Asianet News MalayalamAsianet News Malayalam

പെരിയാറിലെ മത്സ്യക്കുരുതി; വെള്ളത്തിൽ അപകടകരമായ അളവിൽ രാസവസ്തുക്കള്‍, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സള്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.

Mass fish kill in Periyar River due to chemical pollution Hazardous levels of chemicals in water, investigation report submitted by kufos
Author
First Published May 25, 2024, 2:34 PM IST

കൊച്ചി: പെരിയാറിലെ മത്സ്യകുരുതിയിൽ രാസമാലിന്യ സാന്നിധ്യം സ്ഥീരീകരിച്ച് ഫിഷറീസ് സർവകലാശാല. വെള്ളത്തിൽ മാരകമായ തോതിൽ അമോണിയയും സൾഫൈഡുമാണ് കുഫോസ് വിദഗ്ധസമിതി കണ്ടെത്തിയത്. വെള്ളത്തിൽ രാസമാലിന്യമില്ലെന്ന മലിനീകരണ നിയന്ത്രണബോർഡിന്‍റെ കണ്ടെത്തൽ ഭാഗികമായി തള്ളുന്നതാണ് കുഫോസിന്‍റെ പഠന റിപ്പോർട്ട്. അതേസമയം, വൻകിട കമ്പനികളെ സംരക്ഷിക്കാനാണ് പിസിബി ശ്രമമെന്ന് പെരിയാർ ജാഗ്രത സമിതി ആരോപിച്ചു. കുഫോസിന്‍റെ പ്രാഥമിക പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

അമോണിയത്തിന്‍റെയും സള്‍ഫൈഡിന്‍റെയും മാരകസാന്നിധ്യമാണ് വെള്ളത്തില്‍ കുഫോസ് കണ്ടെത്തിയത്. അപകടകരമായ അളവില്‍ ഇവ വെള്ളത്തില്‍ കലര്‍ന്നതായാണ് കണ്ടെത്തിയത്. ചത്ത മീനുകളുടെ ആന്തരിക അവയവങ്ങളിലും ഈ രാസമാലിന്യങ്ങള്‍ അടങ്ങിയതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.മത്സ്യകർഷകർ കൈമാറിയ സിസിടിവി ദൃശ്യങ്ങളിൽ മീൻ ചത്ത് പൊന്തുന്ന രീതിയിൽ നിന്ന് ഓക്സിജന്‍റെ കുറവ്   മാത്രമല്ല, മീനുകളിലേക്ക് വിഷാംശമെത്തിയതിന്‍റെ സൂചനകളും വ്യക്തമാണെന്ന് കുഫോസ് പഠനസംഘം ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ പിസിബി വാദങ്ങൾ ശരിവെയ്ക്കുന്നതാണ് കുഫോസ് റിപ്പോർട്ടെന്ന വിചിത്രവാദമാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഉന്നയിക്കുന്നത്. അമോണിയം, സൾഫൈഡ് എന്നിവയുടെ സാന്നിദ്ധ്യത്തിന് കാരണം ജൈവമാലിന്യങ്ങൾ കെട്ടിക്കിടന്നതാണെന്നാണ് പിസിബിയുടെ ന്യായീകരണം.  രാസമാലിന്യത്തേക്കാൾ വെള്ളത്തിൽ നിന്ന് ഓക്സിജൻ കൂടുതൽ വലിച്ചെടുക്കുക ജൈവമാലിന്യങ്ങളാണെന്ന ശാസ്ത്രീയ പിൻബലത്തിലാണ് വാദം. 12 ദിവസത്തോളം പാതാളം റെഗുലേറ്റർ ബ്രിഡ്ജ് തുറക്കാതെ ഒരുമിച്ച് മൂന്ന് ഷട്ടറും തുറന്നതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പിസിബിയുടെ ഈ നിലപാട് വന്‍കിട കമ്പനികളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇതിനിടെ, ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ആവര്‍ത്തിച്ചു.രാസവസ്തുക്കൾ എങ്ങനെ എത്തിയെന്നറിയാൻ വിശദമായ രാസപരിശോധനയുടെ ഫലം വരേണ്ടതുണ്ട്. ഹെവി മെറ്റൽ സാന്നിദ്ധ്യമറിയാനുള്ള വിദഗ്ധ പരിശോധനയും തുടരുകയാണ്. ഈ റിപ്പോ‍ര്‍ട്ടുകള്‍ പുറത്തുവരുന്നതോടെ കുറ്റക്കാര്‍ ആരാണെന്നത് വ്യക്തമാകുമെന്നാണ് കുഫോസ് അധികൃതര്‍ പറയുന്നത്.

ഇതിനിടെ, പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മന്ത്രി പി.രാജീവന്‍റെ വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് വഴിയില്‍ ത‍ടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറച്ചിടാന്‍ ശ്രമിച്ചു.അതേസമയം, മത്സ്യങ്ങള്‍ ചത്തൊടുങ്ങിയ സംഭവത്തില്‍ കർഷകന്‍റെ  പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പൊലീസിന്‍റെ  നടപടി. എലൂർ നഗരസഭയും പരാതി നൽകിയിരുന്നു. 7.5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കര്‍ഷകന്‍റെ പരാതി. ഇതിന് കാരണകരായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

25 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടു


 

Latest Videos
Follow Us:
Download App:
  • android
  • ios