രോഗികളും പ്രായമായവരും ഒക്കെ കുടുങ്ങിക്കിടക്കുകയാണ്.
രാജ്യത്തെ സങ്കടത്തിലാഴ്‍ത്തി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാടിന്റെ ഉള്ളുലയുന്ന കാഴ്‍ചകളാണ് ദുരന്ത ഭൂമിയില്‍ കാണാനാകുന്നത്. രക്ഷാദൗത്യക്കാരെ കാത്ത് ഒട്ടേറേ പേര്‍ ദുരന്ത ഭൂമിയില്‍ കുടുങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലേക്കും നിരവധി പേരാണ് വിളിച്ച് സഹായം അഭ്യര്‍ഥിക്കുന്നത്.
മുണ്ടക്കൈയിലെ അശ്വിൻ എന്നയാളാണ് റിസോര്‍ട്ടില്‍ തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. മുണ്ടക്കൈ ട്രീ വാലി റിസോര്‍ട്ടിലുള്ളതെന്ന് പറയുന്നു അശ്വിൻ. മൊബൈലില്‍ ചാര്‍ജ് ഇല്ല. ആരെങ്കിലും ഞങ്ങളെ ഒന്ന് സഹായിക്കൂ. നൂറ് പേര്‍ പെട്ട് കിടക്കുന്നു. ഞങ്ങള്‍ ഇവിടത്തുകാരാണ്. നാട്ടുകാരാണ്. സുരക്ഷിതം എന്ന് ഞങ്ങള്‍ക്ക് പറയാനാകില്ല. നാല് പ്രാവശ്യം ഉരുള്‍പൊട്ടിയ സ്ഥലമാണ്. രോഗികളും പ്രായമായവരും ഒക്കെയുണ്ട്. പ്രാഥമിക ശുശ്രൂക്ഷ നല്‍കാനും കഴിയുന്നില്ല. ഭക്ഷണത്തിനും ഒരു വകയില്ല. അപകടത്തില്‍പെട്ടവരെ വലിച്ച് കയറ്റിയവരെ ഞങ്ങള്‍ക്ക് ആശുപത്രിയില്‍ എത്തിക്കാനാകുന്നില്ല. ഇനി ഉരുള്‍ പൊട്ടിയാല്‍ ഞങ്ങള്‍ പത്ത് നൂറു പേര് പോകും എന്നും പറയുന്നു അശ്വിൻ. ഉടൻ ഏഷ്യാനെറ്റ് ന്യൂസ് രക്ഷാപ്രവര്‍ത്തകരെ വിളിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അശ്വിന്റെ നമ്പര്‍ കൈമാറുകയും ചെയ്‍തിട്ടുണ്ട്.
വയനാട് കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. 73 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്‍ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്.
ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് . ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി 8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.
Read More: വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, 75 മരണം സ്ഥിരീകരിച്ചു
