കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരനായ ഉത്തർപ്രദേശ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ പ്രവീൺ കുമാർ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശി ജോയൽ വി. ജോസിന് ലൈവ് ലൊക്കേഷനും ഫോൺ കോൾ രേഖകളും ചോർത്തി നൽകിയിരുന്നത് ഇയാളായിരുന്നു. 

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ പൊലീസുകാരൻ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. കേസിൽ പത്തനംതിട്ട സ്വദേശി ജോയൽ വി. ജോസും കൂട്ടുകാരി ഹിരാൽ ബെന്നും നേരത്തെ പിടിയിലായിരുന്നു.

പണം നൽകിയാൽ ഏത് രാജ്യത്തുള്ളവരുടെയും വ്യക്തി വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഹാക്ക് ചെയ്യുന്ന സംഘത്തിലെ മൂന്നാമനാണ് പിടിയിലായത്. യുപിയിലെ പ്രതാപ്ഗർ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് അറസ്റ്റിലായ 37കാരൻ പ്രവീൺ കുമാർ. അടൂർ സ്വദേശി ജോയൽ വി. ജോസായിരുന്നു ഹാക്കിംഗിന്‍റെ ബുദ്ധി കേന്ദ്രം.

ആരെക്കുറിച്ചുമുള്ള എന്ത് വിവരവും ജോയൽ ഹാക്ക് ചെയ്ത് നൽകുമായിരുന്നു. കമിതാക്കളാണ് കൂടുതലും ചോർത്തലിന് ഈ സംഘത്തെ സമീപിച്ചിരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ നി‍ർദേശത്തെ തുടർന്നാണ് പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജോയലിനെ അറസ്റ്റ് ചെയ്തത്. ജോയലിനെ ചോദ്യം ചെയ്തതിലൂടെ പെൺസുഹൃത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻ അനൂജ് പട്ടേലും പിടിയിലായി. തുടർന്നാണ് സൂത്രധാരൻ പ്രവീൺ കുമാറിലേക്ക് എത്തുന്നത്. ലൈവ് ലൊക്കേഷനും ഫോൺ കോൾ രേഖകളും ചോർത്തി ജോയലിന് നൽകിയിരുന്നത് പ്രവീൺ കുമാർ ആയിരുന്നു. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

YouTube video player