റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്ഐക്ക് എതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യുകുഴൽനാടൻ. മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടനമാണ് വിവാദമായത്.

ഇടുക്കി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്ഐക്ക് എതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ സങ്കട മനോഭാവത്തിന്റെ ഉദാഹരണമാണിത്. റോഡ് ഉദ്ഘാടനമല്ല നടന്നത്, ഒരു ഭാഗം സാധാരണഗതിയിൽ തുറന്നു കൊടുത്തത് മാത്രമായിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. വിഷയം നിയമസഭയിൽ ഉന്നയിക്കും. തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ ആണ്. മൂവാറ്റുപുഴ സ്റ്റേഷനിൽ തന്നെ തെറ്റ് ചെയ്ത പൊലീസുകാർ നിരവധിയുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ആർജ്ജവം ഇല്ലേയെന്നും മാത്യുകുഴൽനാടൻ ചോദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എം സി റോഡ് ഉദ്ഘാടനം വിവാദത്തിൽ

എം സി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. ട്രാഫിക് എസ്ഐ കെ പി സിദ്ദിഖിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ട്രാഫിക് എസ് ഐയെ കൊണ്ട് എംഎൽഎ റോഡ് ഉദ്ഘാടനം ചെയ്യിച്ചതാണ് വിവാദമായത്. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നാണ് സിപിഎം ആരോപണം. 

പരാതിയുമായി സിപിഎം

നിർമ്മാണം പുരോഗമിക്കുന്നതിനിടെ ആണ് കഴിഞ്ഞ ദിവസം റോഡ് തുറന്നുകൊടുത്തത്. ടാറിംഗ് പൂർത്തിയാക്കിയതോടെ കച്ചേരിതാഴം മുതൽ പി ഒ ജംഗ്ഷൻ വരെ റോഡ് തുറന്നു കൊടുത്തിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഎം പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ നാടകം കളിച്ചു എന്ന് കാണിച്ചാണ് സിപിഎം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

YouTube video player