ലഹരി മരുന്ന് കേസുകളിൽ പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ

കണ്ണൂർ: മട്ടന്നൂരിൽ പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎംഎയുമായി (MDMA) യുവാവ് പിടിയിൽ.
കോട്ടയം പൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മട്ടന്നൂര്‍-കണ്ണൂര്‍ റോഡ് ജങ്ഷനില്‍ വച്ചാണ് കാർ കസ്റ്റഡിയിൽ എടുത്തത്. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ മൂന്ന് പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.

ഇതിനിടെ, ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആർ‍.ഇളങ്കോ പറഞ്ഞു. കണ്ണൂരില്‍ നേരത്തെ ലഹരി മരുന്ന് പിടികൂടിയ രണ്ടു കേസുകളിലായി നാല് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.