യോദ്ധാവ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

കൊച്ചി: തൃപ്പുണ്ണിത്തുറയിൽ എംഡിഎംഎ വേട്ട. അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് എംഡിഎംഎ ഇടപാട് നടത്തിയിരുന്ന കൊല്ലം സ്വദേശി ബിലാൽ മുഹമ്മദ്, കണ്ണൂർ ചെസിയോട് സ്വദേശി ആരതി ഗിരീഷ് എന്നിവരാണ് പിടിയിലായത്. 

കൊച്ചി യോദ്ധാവ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 22 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ചെറിയ പൊതികളായി സൂക്ഷിച്ച കഞ്ചാവും പിടികൂടി.

ഒന്നിച്ച് തുരത്താം ലഹരിയെ, രഹസ്യമായി അറിയിക്കാം

ലഹരിനിര്‍മാര്‍ജനത്തിന് ഒരുമിച്ച് പോരാടാമെന്ന് കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ അറിയിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാം. 

വാട്സാപ്പ് വഴിയും നേരിട്ടും വിവരങ്ങൾ കൈമാറാം. കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാമെന്ന് കേരള പൊലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും പൊലീസ് നല്‍കുന്നു.

ഓച്ചിറ കെട്ടുത്സവ ആഘോഷത്തിനിടെ എംഡിഎംഎ കച്ചവടം, 20 കാരൻ പിടിയില്‍ 

കൊല്ലം ഓച്ചിറ കെട്ടുത്സവ ആഘോഷത്തിനിടയിൽ എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. വലിയ കുളങ്ങര സ്വദേശി മീനാക്ഷി ഭവനത്തിൽ സഞ്ജയ് ആണ് എക്സൈസിന്റെ പിടിയിലായത്. 20 കാരനായ ഇയാളിൽ നിന്നും 5 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസും കണ്ടെടുത്തു.

കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഉത്സവത്തിനിടെ ജനത്തിരക്കേറിയ സമയത്ത് ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിത്തിനു പുറകുവശം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽക്കുന്നതിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.