കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാസ്ഥയില്‍ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു കുടുംബം കൂടി പൊലീസിൽ പരാതി നൽകി. ആലുവ കുന്നുകര സ്വദേശി ജമീലയുടെ മകൻ ആണ് പരാതി നൽകിയത്. അധികൃതരുടെ അനാസ്ഥയാണ് ജമീലയുടെ മരണകരണമെന്ന് പരാതിയിൽ പറയുന്നു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ കുടുംബവും ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബവും നേരത്തെ പരാതി നൽകിയിരുന്നു. ഇതോടെ പൊലീസിൽ പരാതി നല്‍കിയവരുടെ എണ്ണം മൂന്നായി.

മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണം സംബന്ധിച്ച്, കളശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം സർക്കാർ തലത്തിൽ നടക്കേണ്ട അന്വേഷണം സംബന്ധിച്ച് ഇന്ന് കൂടുതൽ വ്യക്തത വരും. ജൂനിയർ ഡോക്ടർ നജ്മയുടെ ആരോപണം കൂടി കണക്കിലെടുത്ത് മെഡിക്കൽ കോളേജിന് പുറത്ത് നിന്നുള്ളവർ അന്വേഷണം നടത്തണമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ ശുപാർശ. 

ഇതിനിടെയാണ് കളമശേരി മെഡിക്കൽ മോളേജിലെ അനാസ്ഥയിൽ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു കുടുംബം കൂടെ പൊലീസിൽ പരാതി നൽകിയത്. നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കൾ ആണ് പരാതി നൽകിയത്. വെന്റിലേറ്ററിലേക്ക് മാറ്റാൻ മണിക്കൂറുകൾ വൈകി എന്നും ഓക്സിജൻ മാസ്ക് ഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും പരാതിയിൽ പറയുന്നു.