ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ

കൊച്ചി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും സിപിഎം നേതാവ് പി കെ ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തു തീർപ്പ് രേഖ ഏഷ്യാനെറ്റ് ന്യൂസിന്. ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചെന്ന് ഒത്തു തീർപ്പ് രേഖയിൽ വ്യക്തമായി പറയുന്നു. തന്‍റെ ഔദാര്യമാണ് ഖേദ പ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വാദം. എന്നാല്‍ ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ വ്യക്തമാക്കുന്നു. ഗോപാലകൃഷ്ണന്‍റെ വാദത്തോടും ഫേസ്ബുക് പോസ്റ്റിനോടും തത്കാലം മറുപടിയില്ലെന്ന് പി കെ ശ്രീമതി വ്യക്തമാക്കി. ഗോപാലകൃഷ്ണന്‍റെ വാദങ്ങൾ തെറ്റാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അവര്‍ പറഞ്ഞു. 

തന്‍റെ മകനെക്കുറിച്ച് ചാനൽ ചർച്ചയിൽ കയറിയിരുന്ന് ഗോപാലകൃഷ്ണൻ കൊളളരുതായ്മ പറഞ്ഞെന്നായിരുന്നു പികെ ശ്രീമതിയുടെ കേസ്. പി കെ ശ്രീമതി മന്ത്രിയായിരുന്നപ്പോൾ മകന്‍റെ കമ്പനിയിൽ നിന്നാണ് സർക്കാർ ആശുപത്രികൾക്ക് മരുന്നെത്തിച്ചതെന്നായിരുന്നു ആരോപണം. ആരോപണത്തിന് എന്ത് രേഖയുണ്ടെന്ന് ഗോപാലകൃഷ്ണനോട് കോടതി ചോദിച്ചു. മരിച്ചുപോയ പിടി തോമസ് പറ‍ഞ്ഞത് കേട്ടാണ് താൻ അതേറ്റുപിടിച്ചതെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ ന്യായം. ക്ഷമപറയാൻ തയാറാണെന്ന് ഗോപാലകൃഷ്ണനും അറിയിച്ചു. ഖേദപ്രകടനവും കഴിഞ്ഞ് ഒരുമിച്ച് മീഡിയേഷൻ സെന്‍ററിലെത്തിയ ഇരുവരും കേസ് ഒത്തുതീർക്കാൻ ധാരണയായി. ഗോപാലകൃഷ്ണന്‍റെ ഖേദപ്രകടനം ഇടത് സഹയാത്രികര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചതോടെയാണ് ഗോപാലകൃഷ്ണന്‍ ഇന്ന് നിലപാട് മാറ്റി രംഗത്ത് വന്നത്.