കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്ഥരെ തട‌ഞ്ഞെന്ന പരാതിയിൽ വ്യാപാരി സംഘടനാ നേതാക്കളെ വെറുതെ വിട്ടു

കോഴിക്കോട്: അനധികൃത കച്ചവടത്തിനെതിരായി നടപടിയെടുക്കാനെത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതടക്കം വകുപ്പുകളായിരുന്നു നേതാക്കള്‍ക്കെതിരെ ചുമത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്‍റ് കെ വി എം കബീര്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് കോടതി വെറുതെ വിട്ടത്. 2022ല്‍ ഒയാസിസ് കോംപ്ലക്സിലെ കട വരാന്തയില്‍ വില്‍ക്കാന്‍ വെച്ച ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേഷന്‍ അധിൃകതര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് വ്യാപാരികള്‍ തടഞ്ഞിരുന്നു. മാലിന്യം കയറ്റുന്ന വണ്ടിയില്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് കേസടുത്തത്.