രാഖി കെട്ടണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍ക്കുലറിൽ ഇല്ലെന്നും ഇത്തരമൊരു നീക്കം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികള്‍ക്ക് രാഖി കെട്ടണമെന്ന ചൈൽഡ് ഡെവല്പ്മെന്‍റ് പ്രോജക്ട് ഓഫീസറുടെ നിര്‍ദ്ദേശത്തെ ചൊല്ലി വിവാദവും പ്രതിഷേധവും. സന്ദേശം അയച്ച സിഡിപിഒ ജ്യോതിഷ് മതിക്കെതിരെ നടപടി ആവശ്യപ്പെട്ട് വര്‍ക്കല ഐസിഡിഎസ് ഓഫിസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി. വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ് സന്ദേശം അനുസരിച്ച് വര്‍ക്കല ബ്ലോക്കിന് കീഴിലെ അങ്കണവാടികളിൽ ബിജെപിയുടെ നഗരസഭാ കൗണ്‍സിലര്‍ അടക്കം കുട്ടികള്‍ക്ക് രാഖി കെട്ടി.
കുട്ടികള്‍ രാഖി കെട്ടുന്ന ഫോട്ടോ ഗ്രൂപ്പിൽ ഇടണമെന്നടക്കമാണ് അങ്കണവാടി ടീച്ചര്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് സിഡിപിഒ അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഫോട്ടോയെടുത്തശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

രാഖിയുടെ മാതൃകയും അയച്ചു കൊടുത്തു. ഇതിനെതിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം. ഹര്‍ ഘര്‍ തിരംഗ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിൽ രാഖി കെട്ടണമെന്ന നിര്‍ദ്ദേശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഡിപിഒയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ലെനിൻ രാജ് പറഞ്ഞു. സമരക്കാര്‍ ഓഫീസിന്‍റെ ബോര്‍ഡിൽ ആര്‍എസ്എസ് എന്നെഴുതി പതിച്ചു. അതേസമയം, സിഡിപിഒയുടെ നിര്‍ദ്ദേശ പ്രകാരം മിക്ക അങ്കണവാടികളിലും കുട്ടികള്‍ക്ക് രാഖി കെട്ടി. ബിജെപിയുടെ നഗരസഭാ കൗണ്‍സിലറാണ് സ്വന്തം വാര്‍ഡിലെ കണ്ണമ്പ, ചാലുവിള അങ്കണവാടികളിൽ രാഖി കെട്ടിയത്. ഉത്തരവുണ്ടെന്ന് ടീച്ചര്‍മാര്‍ പറഞ്ഞതിനാലെന്നാണ് കൗണ്‍സിലറുടെ വിശദീകരണം.രക്ഷിതാക്കള്‍ കൊണ്ടുവന്ന രാഖിയാണ് കെട്ടിയതെന്നും കൗണ്‍സിലര്‍ പ്രീയ ഗോപൻ പ്രതികരിച്ചു. അതേസമയം, പ്രതികരിക്കാനില്ലെന്നാണ് സിഡിപിഒ ജ്യോതിഷ് മതിയുടെ മറുപടി.