തിരുവനന്തപുരം: നഗരമധ്യത്തില്‍ പാളയത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സ്ത്രീക്കുനേരെ അതിക്രമം കാണിച്ചയാൽ പിടിയിൽ. ജാര്‍ഖണ്ഡ് സ്വദേശി റാംചന്ദ് എന്ന ഹോട്ടൽ ജീവനക്കാരനാണ് പിടിയിലായത്. അതേ സമയം പ്രതിയെ രക്ഷിക്കാനാണ് ഹോട്ടലുടമ ശ്രമിച്ചതെന്ന് സ്ത്രീയുടെ ഭർത്താവ് ആരോപിച്ചു.

ഇന്ന് രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം കൈകഴുക്കുന്നതിനിടെയാണ് സ്ത്രീക്ക് നേരെ അതിക്രമം നടന്നത്. ഹോട്ടൽ ജീവനക്കാരനായ റാം ചന്ദ് പിന്നിൽ നിന്നും കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. അക്രമിയെ തള്ളിമാറ്റിയശേഷം യുവതി മറ്റുള്ളവരെ വിളിച്ചുവരുത്തി. തുടര്‍ന്ന് പൊലീസിനെയും ഭർത്താവിനെയും വിവരമറിയിക്കുകയും ചെയ്തു. 

ഇതിനിടെ റാം ഇറങ്ങിയോടി. എന്നാൽ പരാതിപ്പെടരുതെന്ന് ഹോട്ടലുടമ സ്ത്രീയെ ഭീഷണിപ്പെടുത്തിയതായി ഭർത്താവ് ആരോപിക്കുന്നു. എന്നാൽ പൊലീസുമായി പൂർണമായി സഹർകരിച്ചുവെന്നാണ് ഹോട്ടലുടമ പറയുന്നത്. താമസ സ്ഥലത്ത് നിന്നും വസ്ത്രങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റാം പിടിയിലാകുന്നത്.