Asianet News MalayalamAsianet News Malayalam

മന്ത്രിയുടെ നിർദ്ദേശം, പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സഹകരണ വകുപ്പ്  

ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്ന് മന്ത്രി വാസവൻ അറിയിച്ചു. 

minister appointed special team to investigate Pulpally Bank fraud apn
Author
First Published Jun 2, 2023, 4:31 PM IST

തിരുവനന്തപുരം : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് സഹകരണവകുപ്പ്. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്ന് മന്ത്രി വാസവൻ അറിയിച്ചു. 

സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ. വി.സജികുമാർ, രാജാറാം. ആർ, ജ്യോതിഷ് കുമാർ.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദ്ദേശം. ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തി ബാധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

യുഡിഎഫ് ഭരിക്കുന്ന ബാങ്കിന്റെ നടപടികൾ പലതും നിയമവിരുദ്ധമായിരുന്നുവെന്ന് ആദ്യം പരിശോധ നടത്തിയ സംഘം കണ്ടത്തിയിരുന്നു.  2015-16 വർഷത്തിൽ നടന്നിട്ടുള്ള വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. 

തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപർട്ടി ഇൻസ്പെക്ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്റെ അസ്സൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകൾ നൽകുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യുക  തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതുസരിച്ച് നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. അതിനിടയിലാണ് കർഷകന്റെ ആത്മഹത്യ ഉണ്ടായത്. അതിനുശേഷം തട്ടിപ്പ് കൂടുതൽ വ്യാപകമായി നടന്നുവെന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനം എടുത്തതെന്നും മന്ത്രി അറിയിച്ചു. 

അതിനിടെ, വായ്പ തട്ടിപ്പ് കേസിൽ റിമാൻഡിലായ കെ കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലിൽ നിന്നാണ് കെ പി സി സി പ്രസിഡണ്ടിന് രാജി കത്തയച്ചത്. നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുന്നുവെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന് അയച്ച കത്തിൽ കെ കെ എബ്രഹാം പറയുന്നത്. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലാണ് എബ്രഹാം ജയിലിലായത്. 

 

Follow Us:
Download App:
  • android
  • ios