കെട്ടിട നമ്പർ കിട്ടിയില്ലെന്ന കാര്യം താനോ സ്ഥലം എംഎല്‍എയോ അറിഞ്ഞിരുന്നില്ലെന്നും മന്ത്രി പറയുന്നു. വ്യവസായിയുമായി നേരിട്ട് സംസാരിച്ചുവെന്നും പ്രശ്നം പരിഹരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കോട്ടയം മാഞ്ഞൂരിലെ പ്രവാസി സംരംഭകൻ ഷാജിമോന്റെ പ്രശ്നം പരിഹരിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. നേരത്തെ തന്നെ അദ്ദേഹത്തിന്റെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. കെട്ടിട നമ്പർ കിട്ടിയില്ലെന്ന കാര്യം താനോ സ്ഥലം എംഎല്‍എയോ അറിഞ്ഞിരുന്നില്ലെന്നും മന്ത്രി പറയുന്നു. വ്യവസായിയുമായി നേരിട്ട് സംസാരിച്ചുവെന്നും പ്രശ്നം പരിഹരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
25 കോടി രൂപ മുടക്കി സ്വന്തം ഗ്രാമത്തിൽ വ്യവസായ സ്ഥാപനം തുടങ്ങിയ പ്രവാസി സംരംഭകൻ ഷാജിമോൻ ഒന്നര മണിക്കൂർ നേരമാണ് പൊരി വെയിലിൽ ടാറിട്ട റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. സാങ്കേതിക നൂലാമാലകൾ പറഞ്ഞ് കെട്ടിട നമ്പർ കൊടുക്കാതിരുന്ന മാഞ്ഞൂരിലെ സി പി എം പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ രാവിലെ 10 മണിയോടെയാണ് ഷാജിമോൻ ജോർജ് പഞ്ചായത്ത് ഓഫീസിനുള്ളിൽ ധർണ തുടങ്ങിയത്. പഞ്ചായത്ത് ഓഫീസിനുള്ളിൽ സമരം നടത്താൻ ആവില്ലെന്ന് പറഞ്ഞ് ബലം പ്രയോഗിച്ച് പൊലീസ് ഷാജിമോനെ കിടന്ന കട്ടിലടക്കം പൊക്കിയെടുത്ത് പുറത്ത് നടുറോഡിലേക്ക് മാറ്റുകയായിരുന്നു.
നടുറോഡിൽ കിടന്നുള്ള ഷാജിമോന്റെ പ്രതിഷേധം സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ തന്നെ മോശമാക്കിയെന്ന് തിരിച്ചറിഞ്ഞതോടെ മന്ത്രിമാർ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടാൻ നിർബന്ധിതരായി. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്ത് എത്തി ഷാജിമോനെ നിർബന്ധിച്ച് ചർച്ചയ്ക്കായി കൂട്ടിക്കൊണ്ടുപോയി. സ്ഥലം എംഎൽഎ മോൻസ് ജോസഫും സ്ഥലത്തെത്തി. മാസങ്ങളായി കയറി ഇറങ്ങിയിട്ടും ഷാജിമോന് പഞ്ചായത്ത് നൽകാതിരുന്ന കെട്ടിട നമ്പർ വേഗത്തിൽ നൽകാൻ രണ്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ ധാരണയായി. മുപ്പതിലേറെ രേഖകൾ വേണമെന്ന് വാശി പിടിച്ചിരുന്ന പഞ്ചായത്ത് അധികൃതർക്ക് കേവലം 3 രേഖകൾ കൂടി ഹാജരാക്കിയാൽ മതിയെന്ന് ഉന്നതതല യോഗത്തിൽ സമ്മതിക്കേണ്ടി വന്നു.
