അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ പാര്‍ട്ടി നേതൃത്വം പങ്കെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസിലടക്കം ആശയക്കുഴപ്പമുണ്ട്

തിരുവനന്തപുരം: അയോധ്യ ക്ഷേത്രം പ്രതിഷ്ഠ ദിന ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാര്‍ട്ടിയിലുള്ള ആശയകുഴപ്പം ബാബറി മസ്ജിദ് പ്രശ്നം ആരംഭിച്ച കാലം മുതലുള്ളതാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തങ്ങളുടെ ഔദ്യോഗിക നിലപാട് പരസ്യപ്പെടുത്താൻ അവർ തയ്യാറാവുന്നില്ല. കോൺഗ്രസ് തകർന്നോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇത്തരം വിഷയങ്ങൾ. കോൺഗ്രസിൽ ഓരോരുത്തരും ഓരോ നിലപാട് പറയുകയാണ്. എന്നാൽ കോൺഗ്രസിന്റെ നിലപാട് ദിഗ് വിജയസിംഗ് പറഞ്ഞു കഴിഞ്ഞു. മതനിരപേക്ഷ മനസ്സുകൾ വേദനയോടെയാണ് ഇത്തരം നിലപാടുകൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ പാര്‍ട്ടി നേതൃത്വം പങ്കെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസിലടക്കം ആശയക്കുഴപ്പമുണ്ട്. പങ്കെടുക്കരുതെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും ദേശീയ നേതൃത്വത്തെ അറിയിച്ചത്. അതേസമയം എഐസിസിയാണ് നിലപാടെടുക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. കോണ്‍ഗ്രസ് നിലപാടില്‍ കരുതലോടെ നീങ്ങാനാണ് മുസ്ലിംലീഗ് തീരുമാനം.

ശിവസേനയുള്‍പ്പടെ ഇന്ത്യ സഖ്യത്തിലെ കൂടുതല്‍ കക്ഷികള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എഐസിസി നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് അതിന്‍റെ ആശയധാരയില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്നായിരുന്നു ഇതേക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞത്. ഉത്തര്‍പ്രദേശടക്കം ഉത്തരേന്ത്യയിലെ പല സംസ്ഥാന ഘടകങ്ങളും പാര്‍ട്ടിയുടെ സാന്നിധ്യം അയോധ്യയിൽ ഉണ്ടാകണമെന്ന നിലപാട് മുന്‍പോട്ട് വയ്ക്കുന്നു. കേരളം അപായ സൂചന നല്‍കിയതിന് പിന്നാലെ പശ്ചിമ ബംഗാളും വെട്ടില്‍ വീഴരുതെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. സോണിയ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ക്ഷേത്ര കമ്മിറ്റി ക്ഷണക്കത്ത് നല്‍കിയത്. കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ ബിജെപി ഒരുക്കിയ കെണിയാണെന്ന് ചടങ്ങിൽ പങ്കെടുക്കുന്നതിനെ എതിര്‍ക്കുന്ന സംസ്ഥാന ഘടകങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്