Asianet News MalayalamAsianet News Malayalam

അഞ്ചാം ക്ലാസുകാരിയുടെ അപകട മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

അപകട മരണവുമായി ബന്ധപ്പെട്ട് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ച മന്ത്രി, കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Minister V Sivankutty ordered  investigation on student died in an accident in malappuram
Author
First Published Dec 14, 2022, 8:53 PM IST

തിരുവനന്തപുരം: മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാര പരിധിയിൽ വരുന്ന താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ് എൻ യു പി സ്കൂളിലെ ഷിഫാന ഷെറിൻ വി എന്ന വിദ്യാർത്ഥിനിയുടെ അപകടമരണം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അപകട മരണവുമായി ബന്ധപ്പെട്ട് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ച മന്ത്രി, കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടന്നക്കുന്നതിനിടെയാണ് ഒമ്പത് വയസുകാരി മറ്റൊരു വാഹനമിടിച്ച് മരിച്ചത്. തെയ്യാല എസ്എന്‍യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഫ്ന ഷെറിനാണ് മരിച്ചത്. തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വരവേസ്കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി റോഡ് മുറിച്ച് കടക്കുമ്പോഴാണ് എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ചത്. സ്കൂള്‍ ബസില്‍ ഡ്രൈവറല്ലാതെ സഹായികളാരും ഉണ്ടായിരുന്നില്ല.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥിനിയുടെ സഹോദരന്‍റെ കണ്‍മുന്നിലായിരുന്നു അപകടം. സ്കൂള്‍ ബസില്‍ കുട്ടികളെ ഇറക്കാനും കയറ്റാനും സഹായി ഉണ്ടായിരുന്നില്ല. സ്കൂള്‍ ബസുകളില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ ഡ്രൈവര്‍ക്ക് പുറമെ മറ്റാരാള്‍ കൂടി വേണമെന്നത് നിര്‍ബന്ധമാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാണ്ടിമുറ്റം വെള്ളിയത്ത് ഷാഫിയുടെ മകളാണ് ഷെഫ്ന ഷെറിന്‍.

Follow Us:
Download App:
  • android
  • ios