മകന്‍ സാലിഹിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മൂസയുടെ കുടുംബത്തിനെതിരെ ബാങ്ക് കോടതിയെ സമീപിച്ചിരിക്കുകയാണ്. കുടുംബത്തിന്‍റെ ബാധ്യത ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവാത്തതാണ് പ്രതിസന്ധി.
കോഴിക്കോട്: നിപ ബാധിച്ച് മൂന്ന് പേര്‍ മരിച്ച കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസയുടെ കുടുംബം ജപ്തി ഭീഷണിയില്‍. മകന്‍ സാലിഹിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മൂസയുടെ കുടുംബത്തിനെതിരെ ബാങ്ക് കോടതിയെ സമീപിച്ചിരിക്കുകയാണ്. കുടുംബത്തിന്‍റെ ബാധ്യത ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവാത്തതാണ് പ്രതിസന്ധി.
17 മനുഷ്യരുടെ ജീവനെടുക്കുകയും ലോകമാകെ ശ്രദ്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കുകയും ചെയ്ത 2018 ലെ നിപ വൈറസ് ബാധ. കേരളം ഒറ്റക്കെട്ടായി നേരിട്ട ദുരന്തത്തിന്‍റെ അഞ്ചാം വാര്‍ഷിക വേളയിലാണ് വൈറസ് ബാധയില്‍ ഏറ്റവുമധികം ആളുകള്‍ മരിച്ച കുടുംബം ജപ്തി ഭീഷണിയില്‍ നില്‍ക്കുന്നത്. ഗ്രാമീണ്‍ ബാങ്കിന്‍റെ കോഴിക്കോട് പന്തിരിക്കര ശാഖയില്‍ നിന്ന് മൂസ മകന്‍ സലിഹിന്‍റെ പഠനത്തിനായി എടുത്ത നാല് ലക്ഷം രൂപയുടെ വായ്പയാണ് ഇപ്പോള്‍ 12 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി കുടുംബത്തിന് മുന്നിലുളളത്. മൂസയും സാലിഹും മറ്റൊരു മകനായ സാബിതും വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. ഇളയ മകന്‍ മുത്തലിബും മാതാവ് മറിയവും മാത്രമാണ് കുടുംബത്തില്‍ ഇനി ബാക്കിയുളളത്.
മൂസയുടെ കുടുംബത്തിന്‍റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു അന്ന് മന്ത്രിമാര്‍ അടക്കമുള്ളവര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ഇത് നടപ്പാവാതെ വന്നതോടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന ഫീസിലാണ് സാലിഹ് പഠിച്ചതെന്നും ഇക്കാരണത്താല്‍ വായ്പ തിരിച്ചടവ് സഹായ പദ്ധതിയുടെ സഹായം കിട്ടില്ലെന്നും അറിയിച്ചുള്ള കത്ത് അടുത്തിടെ ധന വകുപ്പില്‍ നിന്ന് കുടുംബത്തിന് കിട്ടി.
സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നും നിപ ബാധിച്ച് ഏറ്റവുമധികം പേര്‍ മരിച്ച കുടുംബത്തിന്‍റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്തുണ്ട്. പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ കുടുംബത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
