കുട്ടിക്ക് മര്‍ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്. കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.
കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി അധികൃതർ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. അതേസമയം, കുട്ടിക്ക് മര്‍ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്.
കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, പൊലീസിന് മുൻപാകെ ഹാജരാകുമെന്ന് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ടിജിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നത്. ടിജിൻ മകളെ അടിക്കുന്നതായി താൻ കണ്ടിട്ടില്ല. മകൾക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനലിന്റെ മുകളിൽ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും പറ്റിയിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേൽ വീണ്ടും മകൾ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറയുന്നു.
അതേസമയം, താന്‍ ഒളിവിലല്ലെന്ന് തൃക്കാക്കരയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍ പ്രതികരിച്ചു. പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്‍റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്‍റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്‍റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു.
Read Also : രണ്ടരവയസ്സുകാരിയുടെ കുടുംബത്തിലേക്ക് യുവാവ് എത്തിയത് കഴിഞ്ഞ വർഷം; ബന്ധുകളെ അകറ്റി, അയൽവാസികളോടും അകൽച്ച
ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്‍റെ അച്ഛന്‍ ഇന്നലെ പറഞ്ഞത്. കുട്ടിക്കും കുടുംബത്തിനുമൊപ്പം താമസിച്ചരുന്ന ആന്‍റണി ടിജിനെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്‍റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്‍റെ അച്ഛന്‍ ഇന്നലെ രംഗത്തെത്തി. കൂടാതെ ആന്‍റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ പകല്‍ മുഴുവന്‍ പൊലീസ് ആന്‍റണിയെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
