രാഖി അഴിക്കാൻ ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോള്‍ മർദനം തുടങ്ങി. കണ്ണിനു മുകളിലും പുറത്തുമെല്ലാം അടിയേറ്റ‍ു. അടിയ്ക്കിടെ ഒരാൾ രാഖി അഴിച്ചെടുക്കുകയും ചെയ്തു.  


തിരുവനന്തപുരം: രാഖി അഴിക്കാത്തതിന്‍റെ പേരില്‍ മൃദംഗം കലാകാരന് മര്‍ദ്ദനമെന്ന് ആരോപണം. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ഓട്ടന്‍ തുള്ളലിന് മൃദംഗം വായിക്കാനെത്തിയ രാജീവ് സോനയെന്ന കലാമണ്ഡലം രാജീവിനാണ് രാഖി ധരിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റതായി പറയപ്പെടുന്നത്. തൃശൂര്‍ ചെറുതുരുത്തി തൊയക്കാട്ട് സ്വദേശിയാണ് ഇയാള്‍.

കേരള സര്‍വകലാശാല യുവജനോത്സവം നടന്ന കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലാണ് സംഭവം. മത്സരം ആരംഭിക്കുന്നതിനു മുൻപുള്ള ഇടവേളയിൽ വേദിക്ക് പിന്നിലിരിക്കുമ്പോൾ ഒരാൾ അടുത്തെത്തി രാഖി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. കൃത്യമായ കാരണം പറയാതെ അഴിക്കില്ലെന്നായിരുന്നു രാജീവിന്‍റെ മറുപടി. പിന്നാലെ ഒരു സംഘം വിദ്യാർഥികളെത്തി ഷർട്ടിൽ കുത്തിപ്പിടിച്ചു വലിച്ചുമാറ്റി നിർത്തി രാഖി അഴിക്കാൻ ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോള്‍ മർദനം തുടങ്ങി. കണ്ണിനു മുകളിലും പുറത്തുമെല്ലാം അടിയേറ്റ‍ു. അടിയ്ക്കിടെ ഒരാൾ രാഖി അഴിച്ചെടുക്കുകയും ചെയ്തു- രാജീവ് പറഞ്ഞു. 

താൻ മൃദംഗം വായിക്കാതിരുന്നാൽ കലോത്സവത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനിരുന്ന കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് മനസ്സിലായ രാജീവ് മൃദംഗം വായിച്ച് മുഴുമിപ്പിച്ചിട്ടാണ് മടങ്ങിയത്. രാജീവ് മൃദംഗം വായിച്ച കുട്ടിക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.