സുരേന്ദ്രൻ പ്രസിഡണ്ടായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡണ്ടാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു.

കൊച്ചി: നേതൃത്വത്തിനെതിരായി ശോഭാ സുരേന്ദ്രൻ നടത്തിയ പരസ്യവിമർശനത്തിൽ പരസ്യപ്രതികരണം നടത്താതെ നേതാക്കൾ. ശോഭാ സുരേന്ദ്രന്റെ വിമർശനത്തിൽ പരസ്യപ്രതികരണത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടികാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യും. ജനങ്ങള്‍ നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങള്‍ മാത്രമേ പരസ്യമായി താന്‍ ഉന്നയിക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേ സമയം പുനസംഘടനയിൽ പ്രാതിനിധ്യം കിട്ടിയില്ലെന്ന ശോഭ സുരേന്ദ്രന്റെ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എംടി രമേശ് പ്രതികരിച്ചു. ശോഭ പരാതി നൽകിയത് തനിക്കല്ല, അതിനാൽ ഇക്കാര്യത്തിൽ ഒരു മറുപടി പറയില്ലെന്നും എംടി രമേശ് വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.

നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരസ്യവിമർശനത്തോടെ സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് രൂക്ഷമാകുകയാണ്. സുരേന്ദ്രൻ പ്രസിഡണ്ടായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡണ്ടാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞത് ഭിന്നത രൂക്ഷമാക്കി. അവസാന പ്രതീക്ഷയായിരുന്ന മഹിളാ മോർച്ച അഖിലേന്ത്യാ പ്രസിഡണ്ട് സ്ഥാനം കൂടി കിട്ടാതായതോടെയാണ് എതിർപ്പ് പരസ്യമാക്കിയത്. പുന:സംഘടനയിൽ അതൃപ്തരായ നേതാക്കളെ ഒപ്പം നിർത്തി പുതിയ ഗ്രൂപ്പിനുള്ള ശ്രമം ശക്തമാക്കാനൊരുങ്ങുകയാണ് ശോഭ.