തൃശ്ശൂർ: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി രഞ്ജിത്ത് മരണപ്പെട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണം. അഡീഷണൽ എക്സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ ആണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.

അതേസമയം രഞ്ജിത്തിന്റെ മരണത്തിൽ കർശന നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും അരുംകൊലയാണിതെന്ന വ്യക്തമായ സൂചന 
റിപ്പോര്‍ട്ടിലുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മരണത്തില്‍ കലാശിച്ചെന്നും തലയ്‌ക്കേറ്റ പരിക്ക് മരണകാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതീവ ഗൗരവത്തോടെ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കാണണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

Read More: തൃശ്ശൂരില്‍ കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ 16-ാമത്തെ കസ്റ്റഡി മരണമാണിത്. വരാപ്പുഴ ശ്രീജിത്ത്, നെടുങ്കണ്ടം രാജ്കുമാര്‍ തുടങ്ങിയവരുടേതിനു സമാനമാണ് രഞ്ജിത്തിന്റെ കൊലപാതമെന്നാണ് സൂചന. പൊലീസ് സ്‌റ്റേഷനുകളിലെ ഉരുട്ടിക്കൊലകള്‍ സാംക്രമിക രോഗം പോലെ എക്‌സൈസിനെയും പിടികൂടിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് രഞ്ജിത്തിന്‍റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. യുവാവിന്‍റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Read More: തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവം രഞ്ജിത്തിന്‍റെ മരണകാരണം; എക്സൈസിന് കുരുക്കായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വച്ചാണ് ര‍ഞ്ജിത്ത് രണ്ട് കിലോ ക‍ഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ഗുരുവായൂരിൽ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾക്ക് അപസ്മാരമുണ്ടായെന്നും ഉടൻ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ആശുപത്രയിലെത്തുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്നും ശരീരം നനഞ്ഞിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. രഞ്ജിത്തിന്റ പേരിൽ മലപ്പുറത്തും തൃശ്ശൂരിലുമായി നിരവധി കഞ്ചാവ് കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കിരുന്നു.