വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്‍റെ (25) മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്

കൊച്ചി: മുനമ്പത്തുണ്ടായ ബോട്ടപകടത്തില്‍ കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്‍റെ (25) മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. അഴീകോട് ഭാഗത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹം തീരദേശ പൊലീസ് കണ്ടെത്തിയത്. മറ്റൊരു മൃതദേഹം കൂടി കടലില്‍ കണ്ടതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. കാണാതായ മറ്റു മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് ബോട്ടപകടമുണ്ടായത്.

മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയാണ് കാണാതായത്. ഇതില്‍ മൂന്നുപേരെ കണ്ടെത്തിയെങ്കിലും നാലുപേരെ അപകടം നടന്ന സമയത്ത് കണ്ടെത്താനായിരുന്നില്ല. ഇതില്‍ ഒരാളുടെ മൃതേഹമാണിപ്പോള്‍ കിട്ടിയത്. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

വള്ളത്തിലുണ്ടായിരുന്ന ഏഴു പേരില്‍ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഷാജി, മോഹനന്‍, രാജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. കടലിൽ നാലു മണിക്കൂർ കുടിവെള്ള കാനിൽ തൂങ്ങി കിടന്നാണ് ജീവൻ രക്ഷിച്ചതെന്നാണ് മുനമ്പം ബോട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതൊഴിലാളികൾ പറഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ ആണ് ഫൈബർ വള്ളം മുങ്ങിയത്. വള്ളം മുങ്ങിയപ്പോൾ എല്ലാവരും ചിതറിപൊയെന്നും തൊഴിലാളികൾ പറഞ്ഞു. 

Readmore....മുനമ്പത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു; നാലുപേർ ഇപ്പോഴും കാണാമറയത്ത് തന്നെ

Asianet News Live| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News Updates #Asianetnews