ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ വ്യവസായിയിൽ നിന്ന് ഒന്നേമുക്കാൽ കോടിയോളം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി അറസ്റ്റിൽ.  

തിരുവനന്തപുരം: തലസ്ഥാന വാസിയായ വ്യവസായിയിൽ നിന്നും ഓൺലൈൻ സാമ്പത്തിക ഇടപാട് വഴി ഒന്നേമുക്കാൽ കോടിയോളം രൂപ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. മഞ്ചേരി പുതിയകുളം സുഫൈൽ മുക്താർ (30)ആണ് പിടിയിലായത്. ട്രഡിങ് വഴി ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വ്യവസായിയിൽ നിന്നും പലതവണകളായി 1.84 കോടി തട്ടിയെന്നായിരുന്നു കേസ്. സാമ്പത്തിക തട്ടിപ്പിലൂടെ ലഭിക്കുന്ന തുക എടിഎമ്മിലൂടെയും ചെക്കിലൂടെയും കൈവശപ്പെടുത്തിയെന്നും സൈബർ പൊലീസ് കണ്ടെത്തി. 

ഇയാൾ വിദേശരാജ്യങ്ങളിലേക്ക് നാട്ടിൽ നിന്നും വിവിധ അക്കൗണ്ടുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ അയച്ചു കൊടുക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കിട്ടുന്ന തുക ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതായിരുന്നു രീതി. അന്വേഷിച്ചെത്തിയ സൈബർ പൊലീസ് സംഘത്തെ പ്രതി ആക്രമിക്കാൻ ശ്രമിച്ചതോടെ സാഹസികമായാണ് മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. എക്സ്‌ചേഞ്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട മലയാളിയായ അബ്ദുൽ ഷുക്കൂർ വധക്കേസിലെ പ്രതിയാണ്മുക്തർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.