തലശ്ശേരി താഴെചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുരയിൽ നടന്ന ക്ഷേത്രോത്സവത്തിൽ കൊല്ലത്തുനിന്നുള്ള ദഫ് മുട്ട് കലാകാരൻമാർ അയ്യപ്പൻ പാട്ടിന് ചുവടുവെച്ചു. മാപ്പിളപ്പാട്ടും പ്രവാചക കീർത്തനങ്ങളും അവതരിപ്പിച്ച സംഘം, മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി മാറി
കണ്ണൂർ: മുത്തപ്പൻ മടപ്പുര സന്നിധിയിൽ അയ്യപ്പ സ്വാമിയുടെ പാട്ടിന് ചുവടുവെച്ച് ദഫ് കലാകാരൻ. മാപ്പിളപ്പാട്ടും പ്രവാചകന്റെ മദ്ഹുകളും ഈരടികളാക്കി മുത്തപ്പ സന്നിധിയിൽ അവർ നിറഞ്ഞാടി. തലശ്ശേരി താഴെചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര മുറ്റത്താണ് കൊല്ലം അൽ ബദ്‍രിയ ദഹ് മുട്ട് സംഘം ശനിയാഴ്ച രാത്രി ദഫ് മുട്ട് അവതരിപ്പിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മനയത്തുവയൽ മുതൽ ക്ഷേത്രം വരെ നടന്ന ഘോഷയാത്രയിലും ദഫ് കലാകാരൻമാർ അണിനിരന്നു. അറബിയും ഒട്ടകങ്ങളും കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു. പ്രമേയങ്ങളുടെ പേരിൽ നാടകവും നൃത്തവും നിർത്തിക്കുന്ന കാലത്താണ് ഒരു നാടും ക്ഷേത്രവും കലാകാരൻമാരെ ചേർത്തുപിടിച്ചത്. ഡിസംബർ നാലിന് തുടങ്ങിയ ക്ഷേത്രമഹോത്സവം ഞായറാഴ്ച സമാപിക്കും.


