കണ്ണൂർ: കൊവിഡ് നിരീക്ഷണത്തിലുള്ള ആളെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കൗൺസലറായ ഷഫീഖിനെയാണ് നോട്ടീസ് നല്കിയശേഷം ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. 

ബംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഷഫീഖ് വീട്ടിലെത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയെ പൊലീസ് തിരികെ ഐസൊലേഷൻ കേന്ദ്രത്തിലെത്തിച്ചു. 

ഇന്ന് കൊച്ചിയിൽ അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വച്ച യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

ആലുവ മുപ്പത്തടം സ്വദേശികളായ അമൽ, ജിത്തു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് വാഹനം അടക്കം യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. മൂന്നുപേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. 

കോട്ടയത്ത് കൊവിഡ് നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...