Asianet News MalayalamAsianet News Malayalam

'വീഴ്ചകളെ വിമര്‍ശിക്കും'; കെ എം ഷാജിക്ക് പിന്തുണയുമായി മുസ്ലീം ലിഗ്

 ഒരു ജനപ്രതിനിധി എന്ന നിലക്ക് ഷാജി ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധത്തോടെ മറുപടി പറയുകയായിരുന്നു വേണ്ടിയിരുന്നത്. പകരം, വികൃത മനസ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുന്നതും കുറ്റപ്പെടുത്തി അക്രമിക്കുന്നതും ജനാധിപത്യ മര്യാദയല്ല.
muslim league supports k m shaji mla after pinarayi vijayan criticize him
Author
Malappuram, First Published Apr 16, 2020, 12:49 PM IST
മലപ്പുറം: കെ എം ഷാജി എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നുവെന്ന് മുസ്ലീം ലീഗ്. കൊവിഡ് മഹാമാരിയുടെ ഭീതിയില്‍ നില്‍ക്കുന്ന ജനങ്ങളോട് ഓരോ ദിവസത്തെയും പ്രശ്നങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെ സംബന്ധിച്ചും പറയാനെത്തുന്ന മുഖ്യമന്ത്രി അതൊരു രാഷ്ട്രീയ തര്‍ക്കവേദി ആക്കുന്നത് ശുഭലക്ഷണമല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു ക്രിയത്മക പ്രതിപക്ഷം എന്ന നിലയ്ക്ക് സര്‍ക്കാരിന്റെ നയനിലപാടുകളില്‍ നന്മകളെ പിന്തുണക്കുകയും വീഴ്ചകളെ വിമര്‍ശിക്കുകയും ചെയ്യും. കെ എം ഷാജി നിയമസഭ അംഗം എന്നതിനൊപ്പം മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. അദ്ദേഹം കൂടി ഉള്‍പെട്ട കമ്മറ്റിയാണ് സര്‍ക്കാരിനു സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒരു ജനപ്രതിനിധി എന്ന നിലക്ക് ഷാജി ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധത്തോടെ മറുപടി പറയുകയായിരുന്നു വേണ്ടിയിരുന്നത്.

പകരം, വികൃത മനസ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുന്നതും കുറ്റപ്പെടുത്തി അക്രമിക്കുന്നതും ജനാധിപത്യ മര്യാദയല്ല. മുഖ്യമന്ത്രി എന്ന നിലയില്‍ ആ പദവിക്ക് യോജിച്ചതുമല്ലെന്നും കെ പി മജീദ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്ക് മറുപടിയുമായി ഇന്ന് കെ എം ഷാജി എംഎല്‍എ രംഗത്ത് വന്നിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൊടുത്ത പണം നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണമല്ലെന്ന് കെ എം ഷാജി പറഞ്ഞു. ശമ്പളമില്ലാത്ത എംഎല്‍എയായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി. സഹായം നല്‍കിയാല്‍ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും എംഎല്‍എ ചോദിച്ചു. സിപിഎം എംഎല്‍എ ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നും ലക്ഷങ്ങള്‍ കടം വീട്ടാന്‍ നല്‍കിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്.

പാര്‍ട്ടി ഓഫീസിലെ സഹപ്രവര്‍ത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. മുഖ്യമന്ത്രി പിആര്‍ഒ വര്‍ക്കിനായി ഉപയോഗിക്കുന്ന കോടികള്‍ എവിടെ നിന്നാണ് വരുന്നത്. വിക്യത മനസാണോ ഷാജിക്ക് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണെന്നും ഷാജി പറഞ്ഞു.

കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പരിഹിസിച്ചുള്ള എംഎല്‍എയുടെ പോസ്റ്റാണ് വാക്ക് പോരിന് തുടക്കം കുറിച്ചത്.അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട്. നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണ് എന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം.
 
Follow Us:
Download App:
  • android
  • ios