തിരുവനന്തപുരം: സിഐടിയു സമരത്തിനെതിരെ മുത്തൂറ്റ് ജീവനക്കാരുടെ അസോസിയേഷൻ രംഗത്ത്. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനും എം സ്വരാജ് എംഎൽഎയും ജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. 

മുത്തൂറ്റ് ബ്രാഞ്ചുകള്‍  തുറക്കാനും തൊഴിൽ ചെയ്യാനും സിഐടിയു ഗുണ്ടകൾ അനുവദിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ വാദം. വനിതാ തൊഴിലാളികൾ ഉൾപ്പടെ ആക്രമിക്കപ്പെട്ടു. ജോലി ചെയ്യാൻ എത്തുന്ന സ്ത്രീകളെ സിഐടിയുക്കാര്‍ അധിക്ഷേപിക്കുകയാണ്. മന്ത്രിയുടെയും എംഎൽഎയുടെയും അറിവോടെയാണ് ഇതെന്ന് സംശയിക്കുന്നതായും മുത്തൂറ്റ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ പറഞ്ഞു.

Read Also: മുത്തൂറ്റ് ചർച്ച വീണ്ടും പരാജയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്‍റ്, സമരം തുടരും

കേരളത്തിൽ മുത്തൂറ്റിന് ബിസിനസ് തുടരാൻ ആവാത്ത അവസ്ഥയാണ്. സമരം 77 ദിവസമായിട്ടും ലേബർ കോടതിയിലേക്ക് റെഫർ ചെയ്യാൻ അധികാരികൾ തയാറാകുന്നില്ല. ഇതിനെതിരെ അസോസിയേഷൻ ലേബർ കമ്മീഷന് പരാതി നൽകി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് സർക്കാർ നിർദേശം നിലനിൽക്കുമ്പോഴും, സിഐടിയു പ്രവര്‍ത്തകര്‍  കൂട്ടത്തോടെ എത്തി ബ്രാഞ്ചുകൾ അടപ്പിക്കുന്നതായും ജീവനക്കാര്‍ ആരോപിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക