29 കർഷകരുടെ അപ്പീൽ അപാകത ആരോപിച്ചു തള്ളുകയായിരുന്നു. മുട്ടിൽ മരംമുറി കേസിൽ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം നൽകുന്നത് വൈകുകയാണ്. കേസിൽ ഇനിയും നാല് കുറ്റപത്രങ്ങൾ കൂടി സമർപ്പിക്കാനുണ്ട്.
കൽപ്പറ്റ: മുട്ടിൽ മരം മുറി കേസിലെ പ്രതികൾക്ക് മരംവിറ്റ ആദിവാസികൾ അടക്കമുള്ള കർഷകർക്കെതിരെ റവന്യുവകുപ്പിൻറെ നടപടി നീക്കം. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ മരം വാങ്ങിയതെന്ന വാദം ഉന്നയിച്ചുള്ള അപ്പീൽ റവന്യു വകുപ്പ് തള്ളി. അപാകത ഉന്നയിച്ച് തള്ളിയ അപ്പീലിൽ വീണ്ടും വിശദീകരണം നൽകാനും ഇല്ലെങ്കിലും നടപടി ഉണ്ടാകുമെന്നുമാണ് കർഷർക്കുള്ള മുന്നറിയിപ്പ്. അതേസമയം, മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരൻമാർക്കെതിരായ കേസുകളിൽ പൊലീസ് കുറ്റപത്രം നൽകുന്നത് ഇഴയുകയാണ്.
റോജി അഗസ്റ്റിൻ, ആൻറോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നീ മുട്ടിൽ മരം മുറി കേസിലെ പ്രതികൾ ആദിവാസികൾ അടക്കമുള്ള കർഷകരിൽ നിന്ന് ആണ് വ്യാപകമായി വീട്ടി മരങ്ങൾ വാങ്ങിയത്. ഇതിൽ 29 കർഷകർക്കാണ് റവന്യുവകുപ്പ് കെഎൽസി പ്രകാരം നോട്ടീസ് നൽകിയിരുന്നത്. സർക്കാരിൻറെ ഉത്തരവ് ഉണ്ടെന്നും മരങ്ങൾ മുറിക്കുന്നതിന് നിയമപ്രശ്നമില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളിൽ നിന്ന് മരം വാങ്ങിയതെന്നാണ് കർഷകർ അപ്പീലിലെ വാദം. എന്നാൽ ഈ അപ്പീലിൽ അപാകത ഉണ്ടെന്ന് ഉന്നയിച്ച് ആണ് അധികൃതർ തള്ളിയിരിക്കുന്നത്. എന്താണ് അപാകതയെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. അപാകത പരിഹരിച്ച് അപ്പീൽ വീണ്ടും നൽകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പതിനൊന്ന് കർഷകർക്ക് വീണ്ടും നോട്ടീസ് നൽകി പതിനഞ്ച് ദിവസത്തെ സമയവും നൽകി. എന്നാൽ കർഷകർ ഭൂരിഭാഗവും അതിന് മറുപടി നൽകിയിട്ടില്ല. വഞ്ചിക്കപ്പെട്ട കർഷകരെ സംരക്ഷിക്കുമെന്ന സർക്കാരിൻറെ വാദം വിശ്വസിച്ചിരുന്നവരാണ് ഇപ്പോൾ വലിയ ആശങ്കയിലായത്.
കർഷകർക്കെതിരെ റവന്യുവകുപ്പ് നടപടി മുന്നോട്ട് പോകുമ്പോൾ പക്ഷേ മുഖ്യപ്രതികൾക്കെതിരായ കേസുകളിൽ അനുബന്ധ കുറ്റപത്രം പോലും ഇതുവരെ മുഴുവനായി സമർപ്പിച്ചിട്ടില്ല. നാൽപ്പതോളം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്ന നടപടി തുടങ്ങിയിട്ട രണ്ട് വർഷം പൂർത്തിയാകുകയാണ്. റോജി അഗസ്റ്റിൻ, ആൻറോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രതികളായ നാല് കേസുകളിൽ കൂടി ഇനിയും കുറ്റപത്രം സമർപ്പിക്കാനുണ്ട്. കർഷകർക്കെതിരെ നടപടി ഉണ്ടാകുമ്പോൾ മുഖ്യപ്രതികൾ സംരക്ഷിക്കപ്പെടുകയാണെന്നാണ് ഉയരുന്ന വിമർശനം . വിവാദമായ മരം മുറിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ട് ഈ ഒക്ടോബറിൽ അഞ്ച് വർഷം പൂർത്തിയാകുകയാണ്.



