തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് പക്ഷത്തിന്‍റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ സിപിഎമ്മോ ഇടതുപക്ഷമുന്നണിയോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. എൽഡിഎഫിൽ തർക്കമില്ല. ജോസ് കെ മാണി വിഭാഗം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായ ശേഷം മറുപടി നൽകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. 

ജോസ് വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശനനീക്കത്തിൽ സിപിഐ തുറന്ന പോരിന് ഒരുങ്ങുന്നുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതകളുണ്ടെന്നും അതിന് തുരങ്കം വയ്ക്കരുതെന്ന് കാനം പ്രതികരിച്ചു.

ജോസ് പക്ഷത്തെ എൽഡിഎഫിൽ വേണ്ട. സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം മൂന്ന് മുന്നണിയുമായി വിലപേശുന്ന പാര്‍ട്ടിയാണ്. വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം വ്യക്തമാക്കി. 

ജോസ് പക്ഷത്തെ എൽഡിഎഫിൽ വേണ്ടെന്ന് കാനം, കോടിയേരിക്കും മറുപടി