പാർട്ടിയിൽ ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: പാർട്ടിയിൽ ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായം ശേഖരിച്ചു. ഇനി അങ്ങോട്ട് പാർട്ടിയെ നയിക്കാൻ അടിമുടി മാറ്റം വരും. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ശക്തിപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനെ വിമർശിച്ചിരുന്നു. പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച എണ്ണിയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വീഴ്ചയുണ്ടായി. പ്രചാരണം പിണറായിയെ മാത്രം കേന്ദ്രീകരിച്ചാണ് നടന്നതെന്നും ഇടത് രാഷ്ട്രീയം ചർച്ചയായില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വീഴ്ചകളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. കോഴിക്കോടു വെച്ച് സെപ്റ്റംബർ 13, 14, 15 തീയതികളിലാണ് വിപുലീകൃത സംസ്ഥാന സമിതി നടക്കുക.