''പാർട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങൾ പറയേണ്ടത് അദ്ദേഹമാണ്''.

കണ്ണൂർ: കോൺഗ്രസ് നിർദ്ദേശം മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കെ വി തോമസ് (K V Thomas) പങ്കെടുക്കുമോ എന്നതിനെ ചൊല്ലിയുടെ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നതിനിടെ നിലപാടറിയിച്ച് സിപിഎം നേതാക്കൾ. പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുവെന്നത് കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു.

പാർട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങൾ പറയേണ്ടത് അദ്ദേഹമാണ്. സെമിനാർ വിലക്ക് കോൺഗ്രസിൻ്റെ തിരുമണ്ടൻ തീരുമാനമാണെന്നും ആർ എസ് എസ് മനസുള്ളവരാണ് കെവി തോമസിനെ വിലക്കുന്നതെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നെഹ്റുവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസുകാർ കെ വി തോമസ് സെമിനാറിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹഹിക്കുന്നത്. 
കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയെന്നും ജയരാജൻ പരിഹസിച്ചു. 

സിപിഎം പാർട്ടി കോണ്‍ഗ്രസ് രണ്ടാംദിനം: കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.

എന്നാൽ, ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ദില്ലിയിൽ പറഞ്ഞിരുന്നു.

'അന്തിമ തീരുമാനമായില്ല'; പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് തള്ളാതെ കെ വി തോമസ്; വിവാദം മുറുകുമോ?

എന്നാൽ, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്ക് കെ വി തോമസ് വരുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നത് ചില കാരണങ്ങളാലാണ്. കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വത്തിൽ കെ വി തോമസിന് പഴയതുപോലെ പിടിപാടില്ല. കെ സുധാകരനും വിഡി സതീശനും ഉൾപ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകൽച്ചയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴ‍ഞ്ഞതോടെ തോമസിന്‍റെ മുന്നോട്ടുളള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല. 

ഈ സാഹചര്യത്തിൽ മുതിർന്ന നേതാവായ തോമസിനെ പാ‍ർട്ടി കോൺഗ്രസ് വേദിയിലെത്തിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസിന് അത് തിരിച്ചടിയാകും. എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി തോമസ് വന്നാൽ സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതൽ എണ്ണ പകരാനും ഇതുവഴികഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർത്തുനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന പരസ്യ നിലപാടാണ് കെ വി തോമസിന്‍റേത്.