യഥേഷ്ടം വിദേശത്ത് നിന്നും റബർ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് കൊണ്ടാണ് വില കുറഞ്ഞതെന്നതാണ് യാഥാർത്ഥ്യം
കണ്ണൂർ : റബ്ബറിന് തറവില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന അനുചിതമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രസ്താവനക്കെതിരെ വൈദികരിൽ നിന്ന് തന്നെ എതിർപ്പുയർന്നിട്ടുണ്ട്. കർഷകരെ വഞ്ചിച്ചവരാണ് ബിജെപി സർക്കാർ. യഥേഷ്ടം വിദേശത്ത് നിന്നും റബർ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് കൊണ്ടാണ് വില കുറഞ്ഞതെന്നതാണ് യാഥാർത്ഥ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ വ്യാപകമായി ആക്രമണങ്ങളും ഉണ്ടാകുന്നു. ഈ യാഥാർഥ്യങ്ങൾ ബിഷപ്പ് തിരിച്ചറിഞ്ഞില്ലെന്നും എംവി ജയരാജൻ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ആരെ സഹായിക്കാനാണെന്ന ചോദ്യമുയർത്തിയ ജയരാജൻ, കുടിയേറ്റ ജനത ആർച്ച് ബിഷപ്പിന്റെ പ്രസ്താവന തള്ളിക്കളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണൂരിൽ പറഞ്ഞു.
റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി നടത്തിയ പ്രസംഗമാണ് വിവാദങ്ങൾ സൃഷ്ടിച്ചത്. കേരളത്തിൽ നിന്ന് ബിജെപിയ്ക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നായിരുന്ന പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ വാഗ്ദാനം. കർഷകരെ സഹായിച്ചാൽ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് തരാമെന്നും അതുവഴി എം പി ഇല്ലെന്ന വിഷമം മാറ്റിത്തരമാമെന്നുമാണ് ആർച്ച് ബിഷപ് പ്രഖ്യാപിക്കുന്നത്. കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പോം കൂട്ടാൻ ബിജെപി ശ്രമങ്ങൾ നടത്തുന്നതിനിടയിൽ സിറോ മലബാർ സഭയിലെ ആർച്ച് ബിഷപ് തന്നെ ബിജെപി സഹായ വാഗ്ദാനവുമായി രംഗത്ത് വരുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറയാണ്. ഇരുമുന്നണികളും കർഷകരെ സഹായിച്ചില്ലെന്ന പരാതി പറഞ്ഞാണ് ബിജെപി അനുകൂല നിലാട് സ്വീകരിക്കാൻ മടിയില്ലെന്ന പ്രഖ്യാപനം. പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ച ആയപ്പോഴും മുൻ നിലപാടിനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല ആരോടും അയിത്തം ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു.
