കൊല്ലം: ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയുമായി ഫോറന്‍സിക് സംഘം. ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നുളള പരിശോധനയും നടക്കുന്നുണ്ട്.

മൃതദേഹം കണ്ടെത്തിയത് ബണ്ടിന് സമീപമാണെങ്കിലും മുങ്ങി മരണം സംഭവിച്ചത് അവിടെയല്ല എന്ന നിഗമനത്തിലേക്കാണ് ഫോറൻസിക് സംഘം എത്തുന്നത്. ഈ നിഗമനത്തിലേക്കെത്തുന്നതിനായി മൂന്ന് കാരണങ്ങളാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്. ആദ്യത്തേത്, നല്ല ഒഴുക്കുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ ബണ്ടിന് സമീപമാണ് അപകടം സംഭവിച്ചിരുന്നെങ്കിൽ മൃതദേഹം ബണ്ടിന് സമീപം തന്നെ കിട്ടില്ലായിരുന്നു. 

Also Read: ദേവനന്ദയുടെ മരണം; പൂർണ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

രണ്ടാമത്തേത്, 27 കിലോ മാത്രം ഭാരമുളള മൃതദേഹം 190 സെന്‍റീമീറ്റര്‍ മാത്രം ആഴമുള്ളിടത്ത് നേരത്തെ തന്നെ പൊങ്ങുമായിരുന്നു. മൂന്നാമത്തെ കാരണം, ബണ്ടിന് സമീപത്തായിരുന്നെങ്കില്‍ മൃതദേഹം ചെളിയില്‍ പുതഞ്ഞുപോകുമായിരുന്നു. മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് അത് പൊങ്ങി ഒഴുക്കില്‍പെട്ട് ബണ്ടിന് സമീപത്തെ മുളളുവള്ളിയില്‍ കുടുങ്ങിയതെന്നാണ് നിഗമനം. വീടും പുഴയും വഴികളും വിശദമായി പരിശോധിച്ചശേഷമാണ് ഇത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് ഫോറൻസിക് സംഘമെത്തിയത്.

Also Read: ദേവനന്ദയെ തിരഞ്ഞ് പൊലീസ് നായ പോയത് ആ വീടിന്‍റെ മതില്‍ ചാടിക്കടന്ന്; മണം പിടിച്ച പൊലീസ് നായക്ക് തെറ്റിയോ?

അതേ സമയം ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോൾ അച്ഛൻ മാറ്റിയത്. ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Also Read: ദേവനന്ദ പറയാതെ മുമ്പും പോയെന്ന് അച്ഛൻ; കാണാതായ ദിവസം ഒറ്റയ്ക്ക് കടയില്‍ വന്നെന്ന് ഉടമ