കൊല്ലം: ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.

ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോൾ
അച്ഛൻ മാറ്റിയത്. പൊലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 38 പേരുടെ മൊഴിയാണ് പൊലീസിതുവരെ എടുത്തത്.

Also Read: ദേവനന്ദയുടെ മരണം; പൂർണ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും കുട്ടിയെ കാണാതായതിലെ ദുരൂഹത തുടരുകയാണ്. ഇതിനിടെ ശാസ്ത്രീയ പരിശോധനകൾക്കായി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറൻസിക് സംഘം ഇന്ന് എത്തിയേക്കും. ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും.

Also Read: ദേവനന്ദയുടെ മരണം: കുട്ടിയെ കാണാതായതിലെ ദുരൂഹത തുടരുന്നു, ഫോറൻസിക് സംഘം ഇന്ന് എത്തും

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ വ്യാഴാഴ്‍ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ദേവനന്ദ വ്യാഴാഴ്‍ചയ്ക്ക് ഉച്ചയ്ക്ക് മുൻപ് മരിച്ചതായി പോസ്‍റ്റുമോര്‍ട്ടത്തിലെ നിർണ്ണായക കണ്ടെത്തൽ. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ. 

Also Read: 'നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്', സത്യം അറിയണമെന്ന് ദേവനന്ദയുടെ മാതാപിതാക്കൾ...