ദില്ലി: ഐഎസ് ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണൻ നൽകിയ മാനനഷ്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹർജി നല്‍കി. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്  സർക്കാർ പുനപരിശോധനാഹര്‍ജി നല്‍കിയത്.

കുറ്റവിമുക്തനായ ശേഷം, തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതിന് കൂട്ടു നിന്നതെന്നും കാണിച്ച് നേരത്തെ നമ്പി നാരായണന്‍ കോടതിയെ സമീപിച്ചിരുന്നു. അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഒരു കോടി 30 ലക്ഷം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. പിന്നീട് സംസ്ഥാന സര്‍ക്കാരുമായുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ നമ്പിനാരായണന്‍ കേസ് പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആദ്യം പണം നമ്പി നാരായണന് നല്‍കാനും അതിന് ശേഷം സുപ്രീം കോടതി കുറ്റക്കാരെന്ന് നിരീക്ഷിച്ച ഉദ്യോഗസ്ഥരില്‍ നിന്നും ഈ പണം ഈടാക്കാനുമായിരുന്നു ധാരണ. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കുകയും കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസ് നമ്പി നാരായണന്‍ പിന്‍വലിക്കുകയും ചെയ്തു. 

എന്നാല്‍ കോടതി രേഖകളില്‍ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കാന്‍ പാടില്ലെന്നൊരു പരാമര്‍ശം കോടതി വിധിയിലുണ്ട്. കോടതിയുടെ മുമ്പാകെ സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല.  കോടതിയുടെ പരിഗണയില്‍പ്പെടാത്ത കാര്യമാണെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കില്‍ മാത്രമേ തുടര്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.