നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു. കാർ ഓടിച്ച സുഹൈൽ അടക്കം നാല് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സാംബശിവറാവുവാണ് ഉത്തരവിറക്കിയത്. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയട്ട് നെടുമ്പാശ്ശേരി ഈ ഹോട്ടലുകളിൽ നിന്നാണ് പ്രതി സുഹൈൽ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.

അതേസമയം, കാര്‍ ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസ് അന്വേഷണത്തിന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു. അപകടമുണ്ടാക്കിയ കാറിൽ സാങ്കേതിക പരിശോധന നടത്തി. കസ്റ്റഡി ആവശ്യമില്ലെന്നും അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. ഗൂഢാലോചനയൊന്നുമില്ലാത്ത വാഹനാപകടക്കേസിൽ എന്തിനാണ് പൊലീസ് കസ്റ്റഡിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ചോദ്യം.

അപകടത്തിൽ പെട്ട ബൈക്ക് ഓവര്‍ ലോഡ് ആയിരുന്നു എന്നും, മൂന്നുപേരും ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതും മരണത്തിന് കാരണമായിട്ടുണ്ട് എന്നായിരുന്നു വാദം. മദ്യപിച്ച് വാഹനമോടിച്ചാലുള്ള ഭവിഷത്ത് അറിയാത്തവരല്ല പതിനെട്ട് കഴിഞ്ഞ പ്രതികളെന്നും വിശദമായി ചോദ്യം ചെയ്തും തെളിവെടുത്തും കേസ് നടപടികൾ പൂര്‍ത്തിയാക്കാൻ കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷൻ. ഒടുവിൽ നാളെ വൈകീട്ട് അ‍ഞ്ചുമണിവരെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ചു. തെളിവെടുപ്പ് അടക്കം നടപടികൾ വേഗത്തിൽ പൂര്‍ത്തിയാക്കും. പ്രതികളുടെ ജാമ്യാപേക്ഷ നാളെയാണ് അങ്കമാലി കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നു മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്‍റെ അഭിഭാഷകൻ അഡ്വ. സെയ്ൻ ഷബീര്‍ പറഞ്ഞു.

അപകമുണ്ടാക്കിയ മിനി കൂപ്പർ കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡ്ഡറിൽ പരിശോധന നടത്തി. അപകടസമയത്തെ വേഗം, ബ്രേക്ക് ചവിട്ടിയത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധന. പൊലീസിന്റെ നിർദ്ദേശപ്രകാരം BMW ഷോറൂമുൽ നിന്നുള്ള ടെക്നിഷ്യൻസ് എത്തിയാണ് പരിശോധന നടത്തിയത് .എഫ്ഐആറിൽ പ്രതികളുടെ പേരില്ലാത്തതലും മദ്യപിച്ചു എന്ന് ചേര്‍ക്കാത്തതുമെല്ലാം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. എന്നാൽ, പ്രതികൾക്ക് രക്ഷപ്പെടാൻ ഒരു പഴുതും പൊലീസ് നൽകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും സര്‍ക്കാര്‍ സന്നദ്ധമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

അപകടത്തിൽ വര്‍ഗീയത കലര്‍ത്തിയുള്ള പ്രചാരണത്തെയും സൈബര്‍ ആക്രമണങ്ങളേയും സഭയിൽ ഭരണ പക്ഷവും അപലപിച്ചു. കുടുംബത്തിന്‍റെ പരാതിയും ആശങ്കകളും അവരെ നേരിട്ട് കണ്ട് സംസാരിച്ചു പരിഹരിക്കാൻ സര്‍ക്കാര്‍ ഐജി നിശാന്തിനിയെ ചുമതലപ്പെടുത്തി. പ്രതികളെ രക്ഷിക്കാൻ പൊലീസ് ഇടപെടൽ ആരോപിച്ചും നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച് ചെയ്തു. ലഹരി ഉപയോഗം സ്ഥിരീകരിക്കാനുള്ള പരിശോധന ഫലം വരുന്നത് കാത്തിരിക്കുകയാണ് പൊലീസ്.

YouTube video player