ഇക്കാര്യം പൊലീസ് അയല്‍വാസികളോട് തിരക്കിയപ്പോഴാണ് മുഹമ്മദ് ഷാഫിയുടെ കള്ളി വെളിച്ചത്തായത്. തിരുമ്മു കേന്ദ്രത്തില്‍ രാത്രി പലപ്പോഴും വണ്ടികൾ വരാറുണ്ട്. എന്നാല്‍ ദൂരദേശത്ത് നിന്നുള്ളവര്‍ ഇവിടെ വരാറില്ലെന്ന് അയല്‍വാസികള്‍ പൊലീസിനോട് വ്യക്തമാക്കി.
തിരുവല്ലയിലെ നരബലി കേസില്‍ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദിനെ കുടുക്കിയത് അയല്‍വാസികളുടെ മൊഴി. എലന്തോളിൽ തിരുമ്മൽ ചികിത്സകനായ ഭഗവൽ സിംഗിന്റെ അടുത്ത് തിരുമ്മാന്‍ എത്തിയതെന്നാണ് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞിരുന്നത്. ഇക്കാര്യം പൊലീസ് അയല്‍വാസികളോട് തിരക്കിയപ്പോഴാണ് മുഹമ്മദ് ഷാഫിയുടെ കള്ളി വെളിച്ചത്തായത്. തിരുമ്മു കേന്ദ്രത്തില്‍ രാത്രി പലപ്പോഴും വണ്ടികൾ വരാറുണ്ട്. എന്നാല്‍ ദൂരദേശത്ത് നിന്നുള്ളവര്‍ ഇവിടെ വരാറില്ലെന്ന് അയല്‍വാസികള്‍ പൊലീസിനോട് വ്യക്തമാക്കി.
മുഹമ്മദ് ഷാഫി തിരുമ്മല്‍ കേന്ദ്രത്തില്‍ പലപ്പോഴും വരികയും പോവുകയും ചെയ്യാറുണ്ടെന്നും സ്കോര്‍പിയോ കാറിലായിരുന്നു ഇയാളുടെ വരവെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയതോടെയാണ് മുഹമ്മദ് ഷാഫിയെന്ന റഷീദിന്‍റെ മേലുള്ള സംശയം മറനീക്കിയത്. തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി, ഫെയ്സ്ബുക്കിൽ ഹെക്കു കവി, സിപിഎം പ്രവർത്തകൻ എന്നെല്ലാം പേരെടുത്ത ഭഗവല്‍സിംഗിനെ സമൂഹമാധ്യമത്തിലൂടെ ശ്രീദേവിയെന്ന ഐഡിയിലൂടെയാണ് മുഹമ്മദ് ഷാഫി സുഹൃത്താക്കുന്നത്.
സമ്പത്തും ഐശ്വര്യവും നേടാനായി പെരുമ്പാവൂരുള്ള ഒരു മന്ത്രവാദിയെ പ്രീതിപ്പെടുത്താനുള്ള ആശയം നല്‍കുന്നതും ശ്രീദേവിയെന്ന അക്കൌണ്ടിലൂടെ മുഹമ്മദ് ഷാഫിയാണ്. ഇതനുസരിച്ച് ശ്രീദേവി നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഭഗവല്‍ സിംഗുമായി മുഹമ്മദ് ഷാഫിയാണ് ബന്ധപ്പെടുന്നത്. ആഭിചാരമെന്ന പേരില്‍ ഇയാള്‍ ഭഗവല്‍ സിംഗിന്‍റെ ഭാര്യയേയും പീഡിപ്പിച്ചിരുന്നു. ഐശ്വര്യത്തിനായുള്ള ഈ പ്രത്യേക പൂജയുടെ പൂര്‍ത്തീകരണത്തിനായാണ് നരബലി വേണമെന്ന് മുഹമ്മദ് ഷാഫിയെന്ന റഷീദ് ഭഗവല്‍സിംഗിനെ വിശ്വസിപ്പിച്ചു.
ഇതനുസരിച്ചാണ് തനിക്ക് നേരിട്ടറിയാവുന്ന രണ്ട് സ്ത്രീകളെ റഷീദ് തിരുവല്ലയിലേക്ക് എത്തിച്ചത്. നരബലിക്ക് ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ലോട്ടറി വില്‍പ്പനക്കാരായിരുന്നു. വന്‍തുക വാഗ്ദാനം ചെയ്തത് വിശ്വസിച്ചാണ് ഇവര്‍ തിരുവല്ലയിലെത്തുന്നത്. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസ്‌ലിൻ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ എളംകുളത്തായിരുന്നു 52 കാരിയായ പത്മ താമസിച്ചിരുന്നത്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമത്തിനടുത്ത് ഏറപ്പെട്ടി സ്വദേശിയായിരുന്നു ഇവർ.

മുഹമ്മദ് ഷാഫി പെരുമ്പാവൂരില്‍ താമസിച്ചത് കണ്ടംതറയിൽ തച്ചരുകൂടി റഫീഖിന്റെ വീട്ടില്‍. ഇടുക്കി സ്വദേശിയെന്ന് പരിചയപ്പെടുത്തി 2008 മുതൽ 2011 വരെ കുടുംബം ആയിട്ടാണ് ഷാഫി ഇവിടെ താമസിച്ചത്. 2011ൽ ഇവിടം വിട്ടുപോയ ഷാഫി പിന്നീട് ചെമ്പറക്കിയിൽ 2020 വരെ താമസിച്ചതായും ഈ വീട്ടുകാർ പറയുന്നു. ഇപ്പോൾ എറണാകുളം എസ്. ആർ. എം. റോഡിൽ എവിടെയോ ആണ് താമസം എന്നാണ് ഇവർക്ക് ലഭിച്ചിട്ടുള്ള വിവരം. എന്നാൽ താമസിച്ച കാലയളവിൽ യാതൊരുവിധ പ്രശ്നക്കാരനും ആയിരുന്നില്ല എന്നും വീടുവിട്ട് പോയതിനുശേഷം വലിയ ബന്ധങ്ങൾ ഉണ്ടായിട്ടില്ല എന്നുമാണ് റഫീഖ് പ്രതികരിക്കുന്നത്
