കൊയിലാണ്ടിയിൽ പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം; കണ്ടെത്തിയത് മീൻ പിടിക്കാൻ പോയവർ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് കളത്തിൻകടവിൽ പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ ഒന്നരയോടെ നെല്ല്യാടി കളത്തിന്‍ കടവില്‍ മീന്‍ പിടിക്കാനെത്തിയവരാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടത്. പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പിന്നീട് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ഇതിന് ശേഷം മൃതദേഹം കരക്കെത്തിച്ചു. കുഞ്ഞിൻ്റെ പൊക്കിൾ കൊടി മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ പാലത്തില്‍ നിന്നും കുഞ്ഞിന്‍റെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞതാണോയെന്ന സംശയം പോലീസിനുണ്ട്. പ്രദേശത്തെ റോഡുകളിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.