നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. മോഹൻ ജോർജ് പത്രിക സമർപ്പിച്ചു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് പത്രിക സമർപ്പിച്ചു. കേരള കോൺഗ്രസിൽ നിന്നും ധാരാളം ആളുകൾ ഇനിയും ബിജെപിയിലെത്തുമെന്നാണ് അദ്ദേഹം പത്രിക സമർപ്പിച്ച ശേഷം പ്രതികരിച്ചത്. ആര് തള്ളിപ്പറഞ്ഞാലും ജനങ്ങൾ തള്ളിപ്പറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നിലമ്പൂരിലേത് അനാവശ്യമായ തെരഞ്ഞെടുപ്പാണെന്ന് വീണ്ടും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എൻഡിഎ ആ വെല്ലുവിളി ഏറ്റെടുത്തു. വികസിത കേരളം വികസിത നിലമ്പൂർ അതാണ് ബിജെപി ലക്ഷ്യം. മോഹൻ ജോർജ് നിലമ്പൂരിൻ്റെ മകനാണ്. എൻഡിഎ ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പുതിയ കാഴ്ചപ്പാട് പങ്കുവെക്കുന്ന സ്ഥാനാർത്ഥിയെയാണ് തേടിയത്. ബിജെപിയിലേക്ക് വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യും. നാടിൻ്റെ വികസനമാണ് ലക്ഷ്യം. പഴയ രാഷ്ട്രീയമാണ് മറ്റ് മൂന്ന് സ്ഥാനാർത്ഥികളും പ്രചാരണത്തിൽ അവതരിപ്പിക്കുന്നത്.
പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിലാണ് ബിഡിജെഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥിയെ ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച ചെയ്താണ് തീരുമാനം. എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾ ആരെന്ന് അറിയാനാണ് കാത്തിരുന്നത്. മണ്ഡലത്തിൽ ബിഡിജെഎസിൻ്റെ വോട്ട് എവിടെയും പോവില്ല. അത് കൃത്യമായി എൻഡിഎയിൽ ചെല്ലുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ ചതുഷ്കോണ മത്സരമാണ് നടക്കുന്നതെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ, നിലമ്പൂരിലെ ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്ന് പ്രതികരിച്ചു. വികസനമാണ് പ്രധാന പ്രചാരണം. മണി പമ്പിങ് ചെയ്യുന്ന പാർട്ടിയാണ് ഇടതുപക്ഷം. ഇടതുപക്ഷത്തിൻ്റെ ഭാഗമായി നിന്നപ്പോൾ അൻവർ അത് ആസ്വദിച്ചിരുന്നു. മുന്നണി വിട്ട് വന്നതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ല. നരേന്ദ്രമോദിയുടെ വികസനത്തിനാണ് ജനങ്ങളുടെ വോട്ട്. കർഷക ഹൃദയമുള്ള ആളാണ് എൻഡിഎ സ്ഥാനാർത്ഥിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.



