കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയേയും, ഖർഗ യേയും വിവരം ധരിപ്പിക്കും.

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. കൂടുതൽ 'ചർച്ച വേണ്ടി വരുമെന്ന് നേതാക്കൾ അറിയിച്ചതിനെത്തുട‌ർന്നാണിത്. കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയേയും, ഖർഗ യേയും വിവരം ധരിപ്പിക്കും. സുധാകരൻ്റെ പരസ്യ പ്രസ്താവനയിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്നും സൂചന. 

കെ സുധാകരനെ മാറ്റുന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉണ്ടായേക്കുമെന്ന സൂചനക്കിടയിലാണ് പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം മാറ്റാൻ ഉള്ള നീക്കത്തോട് ഇപ്പോഴും സുധാകരൻ തുടരുന്ന എതിർപ്പ് നേതൃത്തെ വെട്ടിലാക്കുന്നുണ്ട്. അനാരോഗ്യം പറഞ്ഞ് മൂലയ്ക്ക് ഇരുത്താൻ ശ്രമം ഉണ്ടെന്ന് എഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ സുധാകരൻ തുറന്നടിച്ചിരുന്നു. സുധാകരൻ പറഞ്ഞത് വലിയ ചർച്ചയായി മാറുകയും ചെയ്തു. സുധാകരന് പകരം ഉയർന്ന പേരുകളോടും പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ഉടൻ മാറ്റുമെന്ന സൂചനയ്ക്കിടെ വഴങ്ങില്ലെന്ന് സുധാകരൻ സൂചന നൽകിയത് നേതൃത്വത്തിനും അപ്രതീക്ഷിത തിരിച്ചടിയായി. 

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എത്രയോ വര്‍ഷത്തെ പാരമ്പര്യം തനിക്കുണ്ടെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....